Asianet News MalayalamAsianet News Malayalam

SA vs IND : എന്തിനാണ് ഏന്തിവലിഞ്ഞ് ബാറ്റ് വയ്ക്കുന്നത്; മായങ്ക് അഗർവാളിനെ പൊരിച്ച് സുനില്‍ ഗാവസ്‍കർ

കേപ് ടൗണിലെ ആദ്യ ഇന്നിംഗ്‍സില്‍ പൂജ്യത്തില്‍ നില്‍ക്കേ മായങ്കിന് ജീവന്‍ വീണുകിട്ടിയിരുന്നു

South Africa vs India 3rd Test Sunil Gavaskar slams Mayank Agarwal for poor shot selection
Author
Cape Town, First Published Jan 12, 2022, 7:35 AM IST

കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിന്‍റെ (South Africa vs India 3rd Test) ആദ്യ ഇന്നിംഗ്സിലെ മോശം ഷോട്ട് സെലക്ഷന്‍റെ പേരില്‍ ഇന്ത്യന്‍ ഓപ്പണർ മായങ്ക് അഗർവാളിനെ (Mayank Agarwal) പൊരിച്ച് മുന്‍ നായകന്‍ സുനില്‍ ഗാവസ്‍കർ (Sunil Gavaskar). ആദ്യദിനം 15 റണ്‍സെടുത്ത് നില്‍ക്കേ പ്രോട്ടീസ് പേസ് ഗണ്‍ കാഗിസോ റബാഡയുടെ (Kagiso Rabada) പന്തില്‍ എഡ്ജായി രണ്ടാം സ്ലിപ്പില്‍ പുറത്താവുകയായിരുന്നു മായങ്ക്. ഇതിന് മുമ്പ് പൂജ്യത്തില്‍ നില്‍ക്കേ മായങ്കിന് ജീവന്‍ വീണുകിട്ടിയിരുന്നു. 

'ബാറ്റിന്‍റെ മധ്യത്തില്‍ പന്ത് കൊള്ളുമ്പോള്‍ അഗർവാള്‍ മികച്ച താരമാണ്. പന്ത് ചെറുതായി മൂവ് ചെയ്യുമ്പോള്‍ ആ ബാറ്റ് സ്‍പീഡ് പ്രശ്‍നമുണ്ടാക്കുന്നു. വ്യക്തിഗത സ്‍കോർ പൂജ്യത്തില്‍ നില്‍ക്കുമ്പോള്‍ എഡ്‍ജ് നാം കണ്ടതാണ്. അതൊരു മികച്ച ക്യാച്ചായി അവസാനിക്കേണ്ടതായിരുന്നു. എത്ര ബുദ്ധിമുട്ടിയാണ് പന്തില്‍ ബാറ്റ് വെച്ചതെന്ന് നോക്കൂ. ടെസ്റ്റ് ക്രിക്കറ്റില്‍ പന്ത് ലീവ് ചെയ്യുന്നത് പ്രധാനമാണ്. ആദ്യ മണിക്കൂറില്‍ പരമാവധി പന്തുകള്‍ ലീവ് ചെയ്യണം' എന്നും ഗാവസ്‍കർ പറഞ്ഞു. 

കേപ് ടൗണില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 223 റണ്‍സിന് അവസാനിച്ചിരുന്നു. മറുപടി ബാറ്റിംഗ് ആരംഭിച്ച ആതിഥേയര്‍ ഒന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ ഒന്നിന് 17 എന്ന നിലയിലാണ്. ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാറിനെയാണ്(3) ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ജസ്പ്രീത് ബുമ്രയ്ക്കാണ് വിക്കറ്റ്. എയ്ഡന്‍ മാര്‍ക്രം(8), കേശവ് മഹാരാജ്(2) എന്നിവരാണ് ക്രീസില്‍.

നേരത്തെ ക്യാപ്റ്റന്‍ വിരാട് കോലിയുടെ 79 റണ്‍സാണ് ഇന്ത്യയെ 200 കടത്താന്‍ സഹായിച്ചത്. കാഗിസോ റബാഡ നാലും മാർക്കോ ജാന്‍സണ്‍ മൂന്നും വിക്കറ്റ് വീഴ്ത്തി. കെ എല്‍ രാഹുല്‍(12), ചേതേശ്വര്‍ പൂജാര(43), അജിങ്ക്യ രഹാനെ(9), റിഷഭ് പന്ത്(27), രവിചന്ദ്ര അശ്വിന്‍(2), ഷർദ്ദുല്‍ ഠാക്കൂർ(12), ജസ്‍പ്രീത് ബുമ്ര(0), മുഹമ്മദ് ഷമി(7), ഉമേഷ് യാദവ്(4) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‍കോർ. 

SA vs IND : ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ പ്രഹരം; കേപ്ടൗണ്‍ ടെസ്റ്റില്‍ ഇന്ത്യ തിരിച്ചടിക്കുന്നു

Follow Us:
Download App:
  • android
  • ios