വാണ്ടറേഴ്‌സിലെ അർധസെഞ്ചുറിയിലൂടെ പൂജാരയും രഹാനെയും ആത്മവിശ്വാസം വീണ്ടെടുത്തുവെന്നും കെ എൽ രാഹുൽ

ജൊഹന്നസ്‌ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ (South Africa vs India 3rd Test) ഇന്ത്യന്‍ ക്യാപ്റ്റൻ വിരാട് കോലി (Virat Kohli) ടീമിൽ തിരിച്ചെത്തുമെന്ന് കെ എൽ രാഹുൽ (KL Rahul). പരിക്കേറ്റ കോലി ജൊഹന്നസ്‌ബര്‍ഗിലെ രണ്ടാം ടെസ്റ്റിൽ (South Africa vs India 2nd Test) കളിച്ചിരുന്നില്ല. പുറംവേദനയെ തുടർന്നാണ് ക്യാപ്റ്റൻ വിരാട് കോലി വാണ്ടറേഴ്‌സ് ടെസ്റ്റിൽ നിന്ന് വിട്ടുനിന്നത്. പരിശീലനം പുനരാരംഭിച്ച നായകൻ കേപ്‌ടൗണിലെ (Newlands Cape Town) നിർണായക ടെസ്റ്റിനുള്ള ടീമിൽ തിരിച്ചെത്തും.

കോലി ടീമിൽ തിരിച്ചെത്തുമെന്ന് കോച്ച് രാഹുൽ ദ്രാവിഡും സൂചിപ്പിച്ചു. വാണ്ടറേഴ്‌സിലെ അർധസെഞ്ചുറിയിലൂടെ പൂജാരയും രഹാനെയും ആത്മവിശ്വാസം വീണ്ടെടുത്തുവെന്നും കെ എൽ രാഹുൽ വ്യക്തമാക്കി.

കേപ് ടൗണിൽ ചൊവ്വാഴ്‌ചയാണ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിന് തുടക്കമാവുക. കേപ് ടൗണിൽ ജയിച്ചാൽ ചരിത്രത്തിൽ ആദ്യമായി ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കാം. സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ടീം ഇന്ത്യ 113 റണ്‍സിന് ജയിച്ചപ്പോള്‍ വാണ്ടറേഴ്‌സില്‍ ദക്ഷിണാഫ്രിക്ക തിരിച്ചുവരികയായിരുന്നു. ഏഴ് വിക്കറ്റിനായിരുന്നു പ്രോട്ടീസ് ജയം. 

വാണ്ടറേഴ്‌സില്‍ നാലാം ദിനം ആദ്യ രണ്ട് സെഷനുകളും പൂര്‍ണമായും മഴ കൊണ്ടുപോയെങ്കിലും അവസാന സെഷനില്‍ വിജയലക്ഷ്യമായ 240 റണ്‍സ് ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ അടിച്ചെടുത്തു. 96 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാറാണ് ദക്ഷിണാഫ്രിക്കയുടെ വിജയശില്‍പി. റാസി വാന്‍ഡര്‍ ഡസ്സന്‍(40), ടെംബാ ബാവുമ(23) എന്നിവരും നാലാം ദിനം ദക്ഷിണാഫ്രിക്കന്‍ വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി. സ്കോര്‍: ഇന്ത്യ- 202, 266, ദക്ഷിണാഫ്രിക്ക- 229, 243-3.

വാണ്ടറേഴ്‌സില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയുടെ ആദ്യ ജയമാണിത്. തോല്‍വിയോടെ വാണ്ടറേഴ്‌സിലെ അപരാജിത റെക്കോര്‍ഡ് ഇന്ത്യ കൈവിട്ടു.

SA vs IND : ജൊഹന്നാസ്ബര്‍ഗില്‍ ഇന്ത്യക്കെതിരായ ജയം; റെക്കോര്‍ഡുമഴ പെയ്യിച്ച് ദക്ഷിണാഫ്രിക്ക