ഇരുപത്തിയൊമ്പതുകാരനായ ക്വിന്‍റണ്‍ ഡി കോക്ക് ഇന്നലെയാണ് ടെസ്റ്റിൽ നിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ചത്

സെഞ്ചൂറിയന്‍: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്‍റൺ ഡി കോക്ക് (Quinton de Kock) ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച തീരുമാനം ഞെട്ടിച്ചെന്ന് ദക്ഷിണാഫ്രിക്കൻ (South Africa Cricket Team) മുൻതാരം ആൽവിരോ പീറ്റേഴ്‌സൻ (Alviro Petersen). വിവിധ ട്വന്‍റി 20 ലീഗുകളിലും ഹൺഡ്രഡ് ടൂർണമെന്‍റിലും ഡി കോക്ക് കരാറിലേർപ്പെടുമെന്നാണ് കരുതുന്നതെന്നും പീറ്റേഴ്‌സൻ പറഞ്ഞു. ടി20യിലെ സാമ്പത്തിക നേട്ടം താരങ്ങളുടെ മനസ്സുമാറ്റുന്നതാണ് വേഗമുള്ള വിരമിക്കലിലേക്ക് എത്തിക്കുന്നതെന്നും പീറ്റേഴ്‌സൻ പറഞ്ഞു. 

29കാരനായ ക്വിന്‍റണ്‍ ഡി കോക്ക് ഇന്നലെയാണ് ടെസ്റ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കണമെന്നാണ് വിരമിക്കലിനുള്ള കാരണമായി ഡി കോക്ക് പറഞ്ഞത്. 2014ലാണ് ഡി കോക്ക് ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കായി 54 ടെസ്റ്റുകളിൽ കളിച്ച താരം 38.82 ശരാശരിയിൽ 3,300 റൺസാണ് നേടി. നിലവിലെ ദക്ഷിണാഫ്രിക്കൻ ടീമിൽ ഡീൻ എൽ​ഗാറിന് മാത്രമാണ് ഡി കോക്കിനേക്കാൾ കൂടുതൽ ടെസ്റ്റ് റൺസ് സമ്പാദ്യമുള്ളൂ.

ആറ് സെഞ്ചുറികളും താരത്തിന്‍റെ പേരിലുണ്ട്. ഇടയ്ക്ക് ടീമിന്‍റെ ക്യാപ്റ്റൻ സ്ഥാനവും താരം അലങ്കരിച്ചിരുന്നു. ആദ്യ ടെസ്റ്റ് സെഞ്ചുറി നേടിയ അതേ ​ഗ്രൗണ്ടിൽ അവസാന മത്സരവും കളിച്ചാണ് ഇരുപത്തിയൊമ്പതാം വയസില്‍ ടെസ്റ്റില്‍ നിന്ന് ഡി കോക്കിന്‍റെ മടക്കം. 124 ഏകദിനങ്ങളില്‍ 16 സെഞ്ചുറികള്‍ സഹിതം 5355 റണ്‍സും 61 രാജ്യാന്തര ടി20കളില്‍ 1827 റണ്‍സും സമ്പാദ്യമായുണ്ട്. 

Quinton de Kock Retires : കുടുംബത്തോടൊപ്പം കൂടുതൽ സമയം വേണം; ടെസ്റ്റ് കുപ്പായമഴിച്ച് ഡി കോക്ക്