വിഹാരിയെ ഒരു മത്സരത്തില്‍ മാത്രം കളിപ്പിക്കാനും പിന്നീട് ഒരു വര്‍ഷത്തോളം പുറത്തിരുത്താനും പാടില്ലെന്ന് ഗംഭീര്‍
ദില്ലി: ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ (Indian Test Team) ബാറ്റര്‍ ഹനുമാ വിഹാരിക്ക് (Hanuma Vihari) അര്‍ഹമായ പരിഗണന നല്‍കാത്തതില്‍ രൂക്ഷ വിമര്‍ശനവുമായി മുന്‍താരം ഗൗതം ഗംഭീര്‍ (Gautam Gambhir). ടെസ്റ്റില്‍ തന്‍റെ മികവ് തെളിയിക്കാന്‍ തക്ക അവസരം ഹനുമാ വിഹാരിക്ക് ഇതുവരെ നല്‍കിയില്ല എന്നാണ് ഗംഭീറിന്‍റെ വിമര്‍ശനം. ഓസ്‌ട്രേലിയയില്‍ പരിക്കിനെ അവഗണിച്ച് ടീമിന്‍റെ രക്ഷകനായിട്ടും പിന്നീട് താരത്തിന് സ്ഥിരാവസരം ലഭിച്ചിരുന്നില്ല.
'അടുത്ത ടെസ്റ്റില്‍ വിഹാരി കളിച്ചില്ലെങ്കില്‍ അത് നിര്‍ഭാഗ്യമായിരിക്കും. രണ്ടാം ഇന്നിംഗ്‌സില്‍ അജിങ്ക്യ രഹാനെ അര്‍ധ സെഞ്ചുറി നേടിയെങ്കില്‍ വിഹാരി പുറത്താകാതെ 40 റണ്‍സ് നേടിയിരുന്നു. രഹാനെയുടെ ബാറ്റിംഗ് പൊസിഷനില്‍ വിഹാരി ബാറ്റ് ചെയ്‌തിരുന്നുവെങ്കില്‍ വാണ്ടറേഴ്‌സില്‍ അര്‍ധ സെഞ്ചുറി നേടിയേനേ. രണ്ടിന്നിംഗ്‌സിലും നിയന്ത്രണത്തോടെയാണ് വിഹാരി ബാറ്റ് ചെയ്‌തത്.
വിഹാരിയെ പോലൊരു താരത്തിന് ഏറെനാള്‍ അവസരം നല്‍കണം. ഒരു മത്സരത്തില്‍ മാത്രം അയാളെ കളിപ്പിക്കാനും പിന്നീട് ഒരു വര്‍ഷത്തോളം പുറത്തിരുത്താനും പാടില്ല. അത് വലിയ അനീതിയാണ്. രഹാനെയുടെ പ്രകടനം ഏറെക്കാലമായി കാണുന്നു. വിരാട് കോലി അടുത്ത മത്സരത്തില്‍ തിരികെയെത്തുമ്പോള്‍ അദേഹം നാലാം നമ്പറിലും വിഹാരി അഞ്ചിലും ബാറ്റ് ചെയ്യണം എന്നാണ് തോന്നുന്നത്. അതാണ് കൃത്യമായ നീക്കം' എന്നും ഗംഭീര്‍ പറഞ്ഞു.
ജൊഹന്നസ്‌ബര്‍ഗില്‍ രണ്ടിന്നിംഗ്‌സിലും ഭേദപ്പെട്ട പ്രകടനം കാഴ്‌ചവെച്ച ഹനുമാ വിഹാരി കേപ് ടൗണിലെ മൂന്നാം ടെസ്റ്റില്‍ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം അര്‍ഹിക്കുന്നുണ്ട് എന്നും ഗംഭീര്‍ വ്യക്തമാക്കി. 'അജിങ്ക്യ രഹാനെയില്‍ സെലക്‌ടര്‍മാര്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ചുവെങ്കില്‍ ഇത് ഹനുമാ വിഹാരിയില്‍ വിശ്വാസമര്‍പ്പിക്കേണ്ട അവസരമാണ്. കാരണം രണ്ടിന്നിംഗ്‌സിലും ഭേദപ്പെട്ട പ്രകടനം താരം പുറത്തെടുത്തു' എന്നാണ് ഗംഭീറിന്‍റെ വാക്കുകള്‍.
