പ്രചോദിതനായിട്ടായിരിക്കും കോലി ദക്ഷിണാഫ്രിക്കക്കെതിരെ ഇറങ്ങുക എന്നാണ് ഞാന്‍ കരുതുന്നത്. കാരണം, ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ റണ്‍സടിച്ചില്ലെങ്കില്‍ ഏകദിന ക്യാപ്റ്റന്‍സിക്ക് പിന്നാലെ ടെസ്റ്റ് ക്യാപ്റ്റന്‍സിയും കോലിക്ക് നഷ്ടമാവുമെന്ന് അദ്ദേഹത്തിന് നന്നായി അറിയാം.

ലണ്ടന്‍: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര(South Africa vs India) ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ(Virat kohli) സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണെന്ന് മുന്‍ ഇംഗ്ലീഷ് സ്പിന്നര്‍ മോണ്ടി പനേസര്‍(Monty Panesar). ഏകദിന ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായതും അതിന് പിന്നാലെയുണ്ടായ വിവാദങ്ങളും കോലി അതിന് നല്‍കിയ മറുപടിയുമെല്ലാം ടെസ്റ്റ് പരമ്പരയില്‍ കരുത്തോടെ തിരിച്ചുവരാനും 763 ദിവസമായുള്ള സെഞ്ചുറി വരള്‍ച്ചക്ക് വിരാമമിടാനും കോലിയെ പ്രചോദിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പനേസര്‍ വ്യക്തമാക്കി.

പ്രചോദിതനായിട്ടായിരിക്കും കോലി ദക്ഷിണാഫ്രിക്കക്കെതിരെ ഇറങ്ങുക എന്നാണ് ഞാന്‍ കരുതുന്നത്. കാരണം, ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ റണ്‍സടിച്ചില്ലെങ്കില്‍ ഏകദിന ക്യാപ്റ്റന്‍സിക്ക് പിന്നാലെ ടെസ്റ്റ് ക്യാപ്റ്റന്‍സിയും കോലിക്ക് നഷ്ടമാവുമെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. അതുകൊണ്ടുതന്നെ കോലി സമ്മര്‍ദ്ദത്തിലായിരിക്കും. ഇന്ത്യ ജയിച്ചാല്‍ മാത്രം പോര കോലി റണ്‍സടിക്കുകയും വേണം. കോലി റണ്‍സടിച്ചില്ലെങ്കിലും ഇന്ത്യ പരമ്പര ജയിച്ചാല്‍ അത് അദ്ദേഹത്തിന് ശുഭസൂചനയാണ്.

ഇത് ഇന്ത്യക്ക് മികച്ച അവസരമാണ്. പരമ്പര നേടാന്‍ സാധ്യത അവര്‍ക്കാണ്. വിദേശത്ത് എങ്ങനെ ജയിക്കണമെന്ന് ഇപ്പോള്‍ ഇന്ത്യക്ക് അറിയാം. മുന്‍ പരിശീലകന്‍ രവി ശാസ്ത്രിയുടെ പരീശീലനമാണ് അതിന് കാരണം. കളിക്കാരില്‍ ആത്മവിശ്വാസം നിറക്കാനും പ്രതിസന്ധിഘട്ടങ്ങളില്‍ പൊരുതാനും പ്രാപ്തരാക്കിയത് രവി ശാസ്ത്രിയാണ്. അതുകൊണ്ടുതന്നെ ഇത്തവണ ദക്ഷിണാഫ്രിക്കയില്‍ പരമ്പര നേടാന്‍ ഇന്ത്യക്കിത് മികച്ച അവസരമാണ്. ദക്ഷിണാഫ്രിക്കയെക്കാള്‍ കരുത്തുറ്റ ടീമാണ് ഇന്ത്യയുടെത്. അതുകൊണ്ടുതന്നെ ഇന്ത്യ പരമ്പര നേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പനേസര്‍ പറഞ്ഞു.