വാണ്ടറേഴ്‌സിലെ പുറത്താകലില്‍ റിഷഭ് പന്തിനെ അതിരൂക്ഷമായി വിമര്‍ശിച്ച് മുന്‍താരങ്ങള്‍ രംഗത്തെത്തിയിരുന്നു

ജൊഹന്നസ്‌ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ വാണ്ടറേഴ്‌സ് ടെസ്റ്റില്‍ (South Africa vs India 2nd Test) മോശം ഷോട്ട് കളിച്ച് പുറത്തായ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെതിരായ (Rishabh Pant) വിമര്‍ശനത്തിന് ശമനമില്ല. റിഷഭിനെ കടന്നാക്രമിച്ച് മുന്‍ ഓള്‍റൗണ്ടര്‍ മദന്‍ ലാല്‍ (Madan Lal) രംഗത്തെത്തി. റിഷഭിന് കേപ് ടൗണില്‍ ചൊവ്വാഴ്‌ച ആരംഭിക്കുന്ന മൂന്നാം ടെസ്റ്റില്‍ (South Africa vs India 3rd Test) വിശ്രമം നല്‍കണമെന്ന് അദേഹം ആവശ്യപ്പെട്ടു. 

'അദേഹത്തിനൊരു ഇടവേള നല്‍കണം. വൃദ്ധിമാന്‍ സാഹയെ പോലൊരാള്‍ ടീമിലുണ്ട്. സാഹ മികച്ച വിക്കറ്റ് കീപ്പറാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് റിഷഭ് തന്നെ തീരുമാനിക്കണം. മനസില്‍ എന്തെങ്കിലും വ്യക്തതക്കുറവുണ്ട് എങ്കില്‍ ഇടവേളയാണ് അനിവാര്യം. അദേഹമൊരു മാച്ച് വിന്നിംഗ് താരമാണ്. എന്നാല്‍ ഇങ്ങനെ മോശമായി ബാറ്റ് ചെയ്യാനാവില്ല. സ്വന്തം കാര്യത്തിനായല്ല, ടീമിനായാണ് ബാറ്റ് ചെയ്യേണ്ടത്' എന്നും മദന്‍ ലാല്‍ കൂട്ടിച്ചേര്‍ത്തു. 

വാണ്ടറേഴ്‌സിലെ പുറത്താകലില്‍ റിഷഭ് പന്തിനെ അതിരൂക്ഷമായി വിമര്‍ശിച്ച് മുന്‍താരങ്ങള്‍ രംഗത്തെത്തിയിരുന്നു. 'ധീരതയും വിഡ്ഢിത്തവും തമ്മിൽ നേരിയ വ്യത്യസമാണുള്ളത്. പന്തിന്‍റെ ഷോട്ടുകളിൽ ഇപ്പോഴുള്ളത് വിഡ്ഢിത്തമാണെന്ന്' മുൻ ഓപ്പണർ ഗൗതം ഗംഭീർ കുറ്റപ്പെടുത്തി. ഉത്തരവാദിത്തം എന്തെന്നറിയാത്ത ബാറ്റർ എന്നായിരുന്നു സുനില്‍ ഗാവസ്‌കറുടെ വിമർശനം. 'സ്വാഭാവികശൈലിയിൽ കളിച്ച് പുറത്തായെന്ന ന്യായീകരണത്തിൽ കാര്യമില്ല. സാഹചര്യത്തിന് അനുസരിച്ചാണ് കളിക്കേണ്ടത്. വാണ്ടറേഴ്സിൽ പന്ത് പുറത്തായ രീതി ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെ'ന്നും ഗാവസ്‌കർ പറഞ്ഞു.

അതേസമയം റിഷഭ് പന്തിനെ പൂര്‍ണമായും പിന്തുണയ്‌ക്കുന്ന നിലപാടാണ് സഞ്ജയ് മഞ്ജരേക്കര്‍ സ്വീകരിച്ചത്. റിഷഭിന്‍റെ അക്രമണോത്സുക ബാറ്റിംഗിനെ പ്രശംസിച്ച മഞ്ജരേക്കര്‍ താരത്തിന് നന്നായി പ്രതിരോധിച്ച് കളിക്കാനാകും എന്ന് വാദിക്കുന്നു. അദേഹത്തിന്‍റെ ബാറ്റിംഗ് ശൈലിയിലെ ഒരപകടം ഇതാണ്' എന്നും മഞ്ജരേക്കര്‍ ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയില്‍ പറഞ്ഞു. ജൊഹന്നസ്‌ബര്‍ഗ് ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്‌സില്‍ മൂന്ന് പന്തില്‍ ക്രീസ് വിട്ടിറങ്ങി റിഷഭ് വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. 

SA vs IND : കൊള്ളാമോ കെ എല്‍ രാഹുലിന്‍റെ ക്യാപ്റ്റന്‍സി; മറുപടിയുമായി സുനില്‍ ഗാവസ്‌കര്‍