Asianet News MalayalamAsianet News Malayalam

SA vs IND : കോലിക്ക് കീഴിലെ ഊർജം നഷ്ടമായി, രാഹുലിനെതിരെ മുന്‍താരം; പ്ലേയിംഗ് ഇലവനില്‍ മാറ്റം വേണമെന്നാവശ്യം

കെ എല്‍ രാഹുലിന്‍റെ ക്യാപ്റ്റന്‍സി അഗ്രസീവല്ല എന്ന വിമർശനം ശരിവെക്കുകയാണ് മുന്‍താരം

South Africa vs India Team India missing spark they had under Virat Kohli feels Sarandeep Singh
Author
Mumbai, First Published Jan 22, 2022, 6:20 PM IST

മുംബൈ: വിരാട് കോലിക്ക് (Virat Kohli) കീഴിലെ സ്പാർക്ക് ടീം ഇന്ത്യക്ക് (Team India) കൈമോശം വന്നതായി മുന്‍ സെലക്ടർ ശരണ്‍ദീപ് സിംഗ് (Sarandeep Singh). ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിലും വിജയിച്ച് ദക്ഷിണാഫ്രിക്ക 2-0ന് പരമ്പര സ്വന്തമാക്കിയതിന് പിന്നാലെയാണ് ശരണ്‍ദീപിന്‍റെ പ്രതികരണം. കെ എല്‍ രാഹുലിന്‍റെ (KL Rahul) ക്യാപ്റ്റന്‍സി അഗ്രസീവല്ല എന്ന വിമർശനം ശരിവെക്കുകയാണ് മുന്‍താരം. മൂന്നാം ഏകദിനത്തില്‍ (SA vs IND 3rd ODI) ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ മാറ്റങ്ങള്‍ അദേഹം മുന്നോട്ടുവെച്ചു. 

'ടെസ്റ്റ് പരമ്പരയില്‍ മാത്രമല്ല, ഏകദിനത്തിലും ആദ്യദിനം മുതല്‍ ടീം ഇന്ത്യയായിരുന്നു ഫേവറൈറ്റുകള്‍. ടെസ്റ്റ് മത്സരങ്ങള്‍ തോറ്റത് നോക്കുക. രണ്ടാം ടെസ്റ്റ് തോറ്റത് താരങ്ങളുടെ പ്രശ്നം മാത്രമല്ല. ക്യാപ്റ്റന്‍സിയുടെ കൂടെ പോരായ്മയാണ്. കെ എല്‍ രാഹുല്‍ വളരെ ശാന്തനാണെങ്കിലും വിരാട് കോലിയുടെ ഊർജം കാണാനില്ല. എല്ലാത്താരങ്ങളും കോലിയെപ്പോലെ ഊർജം കാണിക്കുമായിരുന്നു. എന്നാല്‍ നിലവില്‍ ആ സ്പാർക്ക് ടീം മിസ് ചെയ്യുന്നു എന്നാണ് തോന്നുന്നത്. കോലിക്കാലത്തെ ഊർജം നഷ്ടമായി. 

മുഹമ്മദ് സിറാജ് ഇപ്പോഴും പരിക്കിലാണ്. ഞാന്‍ പ്രസിദ്ധ് കൃഷ്ണയ്ക്ക് വളരെ അനുകൂലമാണ്. അദേഹത്തിന് ഒരു അവസരം നല്‍കണം. ഏകദിന പരമ്പരയില്‍ 3-0ന് തോല്‍ക്കാതിരിക്കണമെങ്കില്‍ അവസാന മത്സരത്തില്‍ മുഹമ്മദ് ഷമിക്കും ജസ്പ്രീത് ബുമ്രക്കും വിശ്രമം നല്‍കാതിരിക്കണം. പ്രസിദ്ധിനെ കളിപ്പിക്കുന്നതിനൊപ്പം രവിചന്ദ്ര അശ്വിന് പകരം അക്സർ പട്ടേലിനും അവസരം നല്‍കണം. ബാറ്റും ബോളും ഫീല്‍ഡും കൊണ്ട് ടീമിന് സംഭാവന നല്‍കാന്‍ കഴിയുന്ന താരം വേണം. 

ക്യാച്ചുകള്‍ പാഴാക്കിയത് നോക്കിയാല്‍ വളരെ മോശം ഫീല്‍ഡിംഗുമാണ് ടീം ഇന്ത്യയുടേത്. എത്ര അനായാസമാണ് സിംഗിളുകള്‍ അനുവദിച്ചത് എന്നുകാണാം. സർക്കിളില്‍ ഫീല്‍ഡർമാരില്ല. വിരാട് കോലി ബൌണ്ടറിയിലാണ് ഫീല്‍ഡ് ചെയ്യുന്നത്. അതിനാല്‍ കുറച്ച് കാര്യങ്ങള്‍ മുമ്പേത്തേതില്‍ നിന്ന് മിസ് ചെയ്യുന്നു. സമകാലിക ക്രിക്കറ്റ് ആവശ്യപ്പെടുന്ന അക്രമണോത്സുക സമീപനമാണ് ശാസ്ത്രി-കോലി കൂട്ടുകെട്ടിന് കീഴില്‍ ടീം ഇന്ത്യയില്‍ കണ്ടതെന്നും' അദേഹം കൂട്ടിച്ചേർത്തു. 

പാളില്‍ നടന്ന രണ്ടാം ഏകദിനം ഏഴ് വിക്കറ്റിന് ജയിച്ചാണ് മൂന്ന് മത്സരങ്ങളുടെ പരമ്പര ആതിഥേയർ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 48.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. നേരത്തെ ആദ്യ ഏകദിനം പ്രോട്ടീസ് 31 റണ്‍സിന് വിജയിച്ചിരുന്നു. 

IPL 2021 : ഐപിഎല്‍ 2022ന് ഇന്ത്യ വേദി, സ്ഥിരീകരിച്ച് വാർത്താ ഏജന്‍സി; ഒപ്പം ആരാധകർക്ക് നിരാശയും

Follow Us:
Download App:
  • android
  • ios