Asianet News MalayalamAsianet News Malayalam

ലോകകപ്പിലും 'ഓറഞ്ച് അലർട്ട്', ദക്ഷിണാഫ്രിക്കയെന്ന വൻമരത്തെ കടപുഴക്കി നെതർലന്‍ഡ്സ്; ഇന്ത്യ തന്നെ ഒന്നാമത്

ലോകകപ്പില്‍ ആദ്യ രണ്ട് കളികളും ജയിച്ച ദക്ഷിണാഫ്രിക്കയുടെ ആദ്യ തോല്‍വിയാണിത്. ജയിച്ചിരുന്നെങ്കില്‍ ഇന്ത്യയെ പിന്തള്ളി പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താമായിരുന്ന ദക്ഷിണാഫ്രിക്ക തോല്‍വിയോടെ ഇന്ത്യക്കും ന്യൂുസിലന്‍ഡിനും പിന്നില്‍ മൂന്നാം സ്ഥാനത്ത് തുടരുന്നു.

South Africa vs Netherlands World Cup Cricket Match Live Updates, Netherlands Upset South Africa gkc
Author
First Published Oct 17, 2023, 11:02 PM IST

ധരംശാല: ഏകദിന ലോകകപ്പ് ചരിത്രത്തിലെ തന്നെ വമ്പന്‍ അട്ടിമറികളിലൊന്നില്‍ കുഞ്ഞന്‍മാരായ നെതര്‍ലന്‍ഡ്സ് ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചു. മഴമൂലം 43 ഓവര്‍ വീതമാക്കി കുറച്ച മത്സരത്തില്‍ 38 റണ്‍സിനായിരുന്നു നെത‍ർലന്‍ഡ്സിന്‍റെ അതിശയ വിജയം. ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്സ് 43 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സടിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ മറുപടി 207 റണ്‍സിലൊതുങ്ങി. സ്കോര്‍: നെതര്‍ലന്‍ഡ്സ് 43 ഓവറില്‍ 245-8, ദക്ഷിണാഫ്രിക്ക 42.5 ഓവറില്‍ 207ന് ഓള്‍ ഔട്ട്.

43 റണ്‍സെടുത്ത ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. വാലറ്റത്ത് 40 റണ്‍സുമായി പൊരുതിയ കേശവ് മഹാരാജ് ദക്ഷിണാഫ്രിക്കയുടെ നാണക്കേടിന്‍റെ ഭാരം കുറച്ചു. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ലോഗാന്‍ വാന്‍ബീക്കും പോള്‍ വാന്‍ മക്കീരനും റിയോലോഫ് വാന്‍ഡെര്‍ മെര്‍വും ബാസ് ഡി ലീഡും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്. ലോകകപ്പില്‍ ആദ്യ രണ്ട് കളികളും ജയിച്ച ദക്ഷിണാഫ്രിക്കയുടെ ആദ്യ തോല്‍വിയാണിത്.

ജയിച്ചിരുന്നെങ്കില്‍ ഇന്ത്യയെ പിന്തള്ളി പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താമായിരുന്ന ദക്ഷിണാഫ്രിക്ക തോല്‍വിയോടെ ഇന്ത്യക്കും ന്യൂുസിലന്‍ഡിനും പിന്നില്‍ മൂന്നാം സ്ഥാനത്ത് തുടരുന്നു. രണ്ടു ദിവസം മുമ്പ് അഫ്ഗാനിസ്ഥാന്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ചതിന്‍റെ ഞെട്ടല്‍ മാറും മുമ്പാണ് നെതര്‍ലന്‍ഡ്സും വമ്പന്‍ അട്ടിമറി നടത്തിയത്.

2007ൽ ഇന്ത്യയെ ആദ്യ റൗണ്ട് കടത്തിയില്ല, നാട്ടിലും ഏഷ്യാ കപ്പിലും തോൽപ്പിച്ചു; ബംഗ്ലാദേശ് ഇന്ത്യക്ക് വെല്ലുവിളി

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും 300ന് മുകളില്‍ സ്കോര്‍ ചെയ്ത ദക്ഷിണാഫ്രിക്ക നെതര്‍ലന്‍ഡ്സ് ഉയര്‍ത്തിയ വിജയലക്ഷ്യം അനായാസം മറികടക്കുമെന്നാണ് കരുതിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ക്യാപ്റ്റന്‍ ടെംബാ ബാവുമയും(16), ക്വിന്‍റണ്‍ ഡി കോക്കും(20) ചേർന്ന് 36 റണ്‍സടിച്ച് ഭേദപ്പെട്ട തുടക്കമിടുകയും ചെയ്തു. എന്നാല്‍ എട്ടാം ഓവറില്‍ ഡി കോക്കിനെ അക്കര്‍മാന്‍ വീഴ്ത്തിയതോടെ ദക്ഷിണാഫ്രിക്കയുടെ തകര്‍ച്ചയും തുടങ്ങി.ഡി കോക്ക് മടങ്ങിയതിന് പിന്നാലെ ബാവുമയെ വാന്‍ഡെര്‍ മെര്‍വ് മടക്കി.

മിന്നും ഫോമിലുള്ള റാസി വാന്‍ഡര്‍ ദസ്സനെ(4) വാന്‍ഡെര്‍ മെർവും ഏയ്ഡന്‍ മാര്‍ക്രത്തെ(1) മക്കീരനും വീഴ്ത്തിയതോടെ 44-4ലേക്ക് വീണ ദക്ഷിണാഫ്രിക്കക്കെതിരെ നെതര്‍ലന്‍ഡ്സ് വിജയം മണത്തു. എന്നാല്‍ ഹെന്‍റിച്ച് ക്ലാസനും(28) തുടക്കത്തിലെ ജീവന്‍ കിട്ടിയ ഡേവിഡ് മില്ലറും പിടിച്ചു നിന്നതോടെ ദക്ഷിണാഫ്രിക്കക്ക് വീണ്ടും പ്രതീക്ഷയായി. ക്ലാസനെ വീഴ്ത്തിയ വാന്‍ബീക്കാണ് കളി വീണ്ടും തിരിച്ചത്. സ്കോര്‍ 100 കടന്നതിന് പിന്നാലെ മാര്‍ക്കോ ജാന്‍സനെ(9) മക്കീരന്‍ വീഴ്ത്തി. ഇതോടെ 109-6ലേക്ക് വീണ ദക്ഷിണാഫ്രിക്കക്ക് മില്ലറും ജെറാള്‍ഡ് കോയെറ്റ്സീ(28) ചേര്‍ന്ന് പ്രതീക്ഷ നല്‍കി.

ബുമ്ര കളിക്കില്ല, ഷമി തിരിച്ചെത്തും, അശ്വിന്‍ പുറത്തുതന്നെ, ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ സാധ്യതാ ടീം

എന്നാല്‍ ഒരു തവണ ഭാഗ്യം കിട്ടിയ മില്ലറെ(43) വാന്‍ബീക്ക് ക്ലീൻ ബൗള്‍ഡാക്കി. പിന്നാലെ കോയെറ്റ്സീയെ(22)ബാസ് ഡി ലീഡും വീഴ്ത്തിയതോടെ ദക്ഷിണാഫ്രിക്കയുടെ പതനം പൂര്‍ത്തിയായി. ഏകദിന ലോകകപ്പില്‍ നെതര്‍ലന്‍ഡ്സ് ആദ്യമായാണ് ടെസ്റ്റ് രാജ്യത്തെ തോല്‍പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിലും നെതര്‍ലന്‍ഡ്സ് ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയിരുന്നു. ഈ തോല്‍വി ദക്ഷിണാഫ്രിക്കയുടെ സെമി സാധ്യത അവസാനിപ്പിക്കുകയും ചെയ്തു. ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ രണ്ട് തവണ ലോക ചാമ്പ്യന്‍മാരായിട്ടുള്ള വെസ്റ്റ് ഇന്‍ഡീസിനെ അട്ടിമറിച്ചാണ് നെതര്‍ലന്‍ഡ്സ് ഏകദിന ലോകകപ്പിന് യോഗ്യത നേടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios