ബാറ്റിംഗിലും പേസ് ബൗളിംഗിലും ഇരുടീമിന്റെ കരുത്ത് ഒപ്പത്തിനൊപ്പം.

ലാഹോര്‍: ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍ ആരെന്ന് ഇന്നറിയാം. രണ്ടാം സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്ക ഇന്ന് ന്യൂസിലന്‍ഡിനെ നേരിടും. ലാഹോറില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് മത്സരം തുടങ്ങുക. കിരീട വരള്‍ച്ച അവസാനിപ്പിക്കാന്‍ ഫൈനല്‍ ലക്ഷ്യമിട്ട് തുല്യശക്തികള്‍ മുഖാമുഖം. 1998ലെ ജേതാക്കളാണ് ദക്ഷിണാഫ്രിക്ക. ന്യൂസിലന്‍ഡ് രണ്ടായിരത്തിലെ ചാംപ്യന്‍മാര്‍. പാകിസ്ഥാന്‍ വേദിയായ ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ ഏറ്റുമുട്ടിയപ്പോള്‍ ന്യൂസിലന്‍ഡായിരുന്നു ചാംപ്യന്‍മാര്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഈ ആധിപത്യം തുടരാമെന്ന പ്രതീക്ഷയിലാണ് ന്യൂസിലന്‍ഡ്. 

ബാറ്റിംഗിലും പേസ് ബൗളിംഗിലും ഇരുടീമിന്റെ കരുത്ത് ഒപ്പത്തിനൊപ്പം. തെംബ ബാവുമ, വാന്‍ഡര്‍ ഡുസന്‍, എയ്ന്‍ മാര്‍ക്രാം, ഹെന്റിച് ക്ലാസന്‍, ഡേവിഡ് മില്ലര്‍ എന്നിവരുടെ ബാറ്റുകളിലേക്ക് ദക്ഷിണാഫ്രിക്ക ഉറ്റുനോക്കുന്നു. മറുപടിയെന്നോണം കിവീസിനുമുണ്ട് താരങ്ങള്‍. രചിന്‍ രവീന്ദ്ര, കെയ്ന്‍ വില്യംസണ്‍, വില്‍ യംഗ്, ഡാരി മിച്ചല്‍, ടോം ലാഥം എന്നിങ്ങനെ പോകുന്നു നിര. കിവീസിന് മേല്‍ക്കൈ നല്‍കുന്നത് മിച്ചല്‍ സാന്റ്‌നര്‍, മൈക്കല്‍ ബ്രെയ്‌സ്‌വെല്‍ സ്പിന്‍ജോഡി.

'സ്ലീവലെസ് ജഴ്‌സി ധരിക്കരുത്'; ഐപിഎല്ലിലും നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ബിസിസിഐ, കൂടുതല്‍ നിര്‍ദേശങ്ങള്‍

കേശവ് മഹാരാജിലൂടെയാവും ദക്ഷിണാഫ്രിക്കന്‍ മറുപടി. ലാഹോറില്‍ ആദ്യം ബാറ്റ് ചെയ്യുന്നവരുടെ ശരാശരി സ്‌കോര്‍ 316 റണ്‍സ്. ഇന്നും ബാറ്റര്‍മാരുടെ ആധിപത്യം പ്രതീക്ഷിക്കും. ചാറ്റല്‍ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും കളി മഴ തടസ്സെപ്പെടുത്തില്ല എന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. ഏകദിനത്തിലെ നേര്‍ക്കുനേര്‍ കണക്കില്‍ ദക്ഷിണാഫ്രിക്കയ്ക്കാണ് ആധിപത്യം. ആകെ ഏറ്റുമുട്ടിയത് 73 മത്സരങ്ങളില്‍. ദക്ഷിണാഫ്രിക്ക 42ലും ന്യൂസിലന്‍ഡ് 26ലും ജയിച്ചു. ഇരു ടീമുകളുടേയും സാധ്യതാ ഇലവന്‍ അറിയാം.

ദക്ഷിണാഫ്രിക്ക: റ്യാന്‍ റിക്കല്‍ടണ്‍, തെംബ ബാവുമ (ക്യാപ്റ്റന്‍), റാസി വാന്‍ ഡെര്‍ ഡസ്സെന്‍, ഹെന്റിച്ച് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, മാര്‍ക്കോ ജാന്‍സെന്‍, ജോര്‍ജ്ജ് ലിന്‍ഡെ, വിയാന്‍ മള്‍ഡര്‍, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുങ്കി എന്‍ഗിഡി

ന്യൂസിലന്‍ഡ്: വില്‍ യങ്, ഡെവണ്‍ കോണ്‍വേ, കെയ്ന്‍ വില്യംസണ്‍, രചിന്‍ രവീന്ദ്ര, ടോം ലാതം (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്സ്, മൈക്കല്‍ ബ്രേസ്വെല്‍, മിച്ചല്‍ സാന്റ്നര്‍ (ക്യാപ്റ്റന്‍), നഥാന്‍ സ്മിത്ത്, മാറ്റ് ഹെന്റി, വില്‍ ഒറൗര്‍ക്കെ.