Asianet News MalayalamAsianet News Malayalam

ദക്ഷിണാഫ്രിക്കക്കെതിരെ അവസാന പന്തില്‍ പാക്കിസ്ഥാന് ആവേശ ജയം

49-ാം ഓവറില്‍ 11 റണ്‍സടിച്ച പാക്കിസ്ഥാന് അവസാന ഓവറില്‍ മൂന്ന് റണ്‍സായിരുന്നു ജയത്തിലേക്ക് വേണ്ടിയിരുന്നത്.ആദ്യ പന്തില്‍ ഷദാബ് ഖാന്‍ പുറത്തായി.

South Africa vs Pakistan Pakistan beat South Africa by 7 Wickets
Author
Centurion, First Published Apr 2, 2021, 10:24 PM IST

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ അവസാന പന്തില്‍ ആവേശ ജയവുമായി പാക്കിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 274 റണ്‍സ് വിജയലക്ഷ്യം അവസാന പന്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ പാക്കിസ്ഥാന്‍ മറികടന്നു. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ പാക്കിസ്ഥാന്‍ 1-0ന് മുന്നിലെത്തി. സ്കോര്‍ ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 273/6, പാക്കിസ്ഥാന്‍ 50 ഓവറില്‍ 274/7.

ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 274 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന് തുടക്കത്തിലെ ഓപ്പണര്‍ ഫഖര്‍ സമനെ(8) നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഇമാം ഉള്‍ ഹഖും(80 പന്തില്‍ 70), ക്യാപ്റ്റന്‍ ബാബര്‍ അസമും(104 പന്തില്‍ 103) ചേര്‍ന്ന് 177 റണ്ഡസ് കൂട്ടുകെട്ടുയര്‍ത്തി പാക്കിസ്ഥാനെ കരകയറ്റി. സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ ബാബര്‍ അസം പുറത്തായി. തൊട്ടുപിന്നാലെ ഇമാം ഉള്‍ ഹഖും വീണു. ഡാനിഷ് അസീസ്(3), ആസിഫ് അലി(2) എന്നിവരെയും വേഗം നഷ്ടമായതോടെ പാക്കിസ്ഥാന്‍ പ്രതിസന്ധിയിലായി.

എന്നാല്‍ മുഹമ്മദ് റിസ്‌വാനും(40), ഷദാബ് ഖാനും ചേര്‍ന്ന് 53 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി പാക്കിസ്ഥാനെ വിജയത്തിന് അടുത്തെത്തിച്ചു. വിജയത്തിന് അടുത്ത് ഇരുവരും പുറത്തായി. അവസാന രണ്ടോവറില്‍ പാക്കിസ്ഥാന് ജയിക്കാന്‍ 14 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. 49-ാം ഓവറില്‍ 11 റണ്‍സടിച്ച പാക്കിസ്ഥാന് അവസാന ഓവറില്‍ മൂന്ന് റണ്‍സായിരുന്നു ജയത്തിലേക്ക് വേണ്ടിയിരുന്നത്.

ആദ്യ പന്തില്‍ ഷദാബ് ഖാന്‍ പുറത്തായി. ആദ്യ നാലു പന്തില്‍ റണ്ണൊന്നും നേടാനാവാതിരുന്ന പാക്കിസ്ഥാന്‍ തോല്‍വി മുഖാമുഖം കണ്ടെങ്കിലും ഫെലുക്വവായോ എറിഞ്ഞ അവസാന അഞ്ചാം പന്തില്‍ ഫഹീം അഷ്റഫ് രണ്ട് റണ്‍സും അവസാന പന്തില്‍ ഒരു റണ്ണുമെടുത്ത് പാക്കിസ്ഥാനെ വിജയവര കടത്തി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക വാന്‍ഡര്‍ ദസ്സന്‍റെ(134 പന്തില്‍ 123) സെഞ്ചുറി കരുത്തിലാണ് മികച്ച സ്കോര്‍ കുറിച്ചത്. തുടക്കത്തിലെ തകര്‍ന്ന ദക്ഷിണാഫ്രിക്കയെ ഡേവിഡ് മില്ലറും(50), ഫെലുക്വവായോയും ചേര്‍ന്നാണ് 273ല്‍ എത്തിച്ചത്.

Follow Us:
Download App:
  • android
  • ios