സെഞ്ചൂറിയന്‍: ആദ്യ ഇന്നിംഗ്സിലെ മികച്ച പ്രകടനം ആവര്‍ത്തിക്കാന്‍ കഴിയാതിരുന്ന ശ്രീലങ്കയെ എറിഞ്ഞിട്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്നിംഗ്സ് ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ഇന്നിംഗ്സിനും 45 റണ്‍സിനും ലങ്കയെ കീഴടക്കിയ ദക്ഷിണാഫ്രിക്ക രണ്ട് മത്സര പരമ്പരയില്‍ 1-0ന് മുന്നിലെത്തി.

ആദ്യ ഇന്നിംഗ്സില്‍ 396 റണ്‍സടിച്ച് മികവുകാട്ടിയ ലങ്കയെ രണ്ടാം ഇന്നിംഗ്സില്‍ നാലാം ദിനം 180 റണ്‍സിന് എറിഞ്ഞൊതുക്കിയാണ് ദക്ഷിണാഫ്രിക്ക ബോക്സിംഗ് ഡേ ടെസ്റ്റില്‍ ഇന്നിംഗ്സ് ജയം ആഘോഷിച്ചത്. സ്കോര്‍ ശ്രീലങ്ക 396, 180, ദക്ഷിണാഫ്രിക്ക 621. ദക്ഷിണാഫ്രിക്കക്കായി ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ ഫാഫ് ഡൂപ്ലെസി(199) ആണ് കളിയിലെ താരം.

ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാന്‍ 225 റണ്‍സ് വേണ്ടിയിരുന്ന ലങ്ക നാലാം ദിനം 180 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. അര്‍ധസെഞ്ചുറികള്‍ നേടിയ കുശാല്‍ പേരെരയും(64), വനിന്ദു ഹസരങ്കയും(59) മാത്രമെ ലങ്കക്കായി പൊരുതിയുള്ളു. ദിനേശ് ചണ്ഡിമല്‍(25), നിരോഷന്‍ ഡിക്‌വെല്ല(10) എന്നിവര്‍ മാത്രമാണ് ഇവര്‍ക്ക് പുറമെ രണ്ടക്കം കടന്ന മറ്റ് ബാറ്റ്സ്മാന്‍മാര്‍. ആദ്യ ഇന്നിംഗ്സില്‍ പരിക്കേറ്റ ധനഞ്ജയ ഡിസില്‍വ രണ്ടാം ഇന്നിംഗ്സില്‍ ബാറ്റ് ചെയ്തില്ല.

ദക്ഷിണാഫ്രിക്കക്കായി ലുങ്കി എങ്കിഡി, അന്‍റിച്ച് നോര്‍ട്യ, വിയാന്‍ മുള്‍ഡര്‍, ലുതോ സിംപാല എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് ജനുവരി മൂന്നിന് ജൊഹാനസ്ബര്‍ഗില്‍ നടക്കും.