ലഖ്‌നൗ: ഇന്ത്യന്‍ വനിതകള്‍ക്കെതിരായ ആദ്യ ഏകദിന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. ലഖ്‌നൗവില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കിറ്റിന്റെ ജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്ക 40.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0ത്തിന് മുന്നിലെത്തി. 

ഓപ്പണര്‍മാരായ ലിസല്ലേ ലീ (പുറത്താവാതെ 83), ലൗറ വോള്‍വാര്‍ഡ് (80) എന്നിവരുടെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയം എളുപ്പമാക്കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 169 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വോള്‍വാര്‍ഡിനെ ജുലന്‍ ഗോസ്വാമി പുറത്താക്കിയെങ്കിലും കാര്യമൊന്നും ഉണ്ടായില്ല. ക്യാപ്റ്റന്‍ സുനെ ലൂസിനും (1) അധികം ആയുസുണ്ടായിരുന്നില്ല. എന്നാല്‍ ലീ ദക്ഷിണാഫ്രിക്കയെ അനായാസ ജയത്തിലേക്ക് നയിച്ചു. 

നേരത്തെ മിതാലി രാജ് (50), ഹര്‍മന്‍പ്രീത് കൗര്‍ (49), ദീപ്തി ശര്‍മ (27) എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 40 റണ്‍സ് മാത്രമുള്ളപ്പോള്‍ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്്മായി. ജമീമ റോഡ്രിഗസ് (1), സ്മൃതി മന്ഥാന (14), പൂനം റാവുത് (10) എന്നിവരാണ് പവലിയിനില്‍ തിരിച്ചെത്തിയത്. 

പിന്നീട് മിതാലി- കൗര്‍ സഖ്യമാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 62 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കൗര്‍ ബൗളിനൊപ്പം റണ്‍സ് കണ്ടെത്തിയെങ്കിലും മിതാലിയുടെ ഇന്നിങ്‌സിന് വേഗം കുറവായിരുന്നു. കൗര്‍ 41 പന്തില്‍ ആറ് ബൗണ്ടറികളുടെ സഹായത്തോടെയാണ് 40 റണ്‍സെടുത്തത്. മിതാലിക്ക് 50 റണ്‍സ് പൂര്‍ത്തിയാക്കാന്‍ 85 പന്തുകള്‍ വേണ്ടിവന്നു. നാല് ബൗണ്ടറിയും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 

പിന്നീടെത്തിയ ദീപ്തിയും ഇന്ത്യന്‍ ടോട്ടലിന് നിര്‍ണായക സംഭാവന നല്‍കി. മിതാലിക്കൊപ്പം 42 റണ്‍സാണ് ദീപ്തി കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ സ്‌കോര്‍ 154ല്‍ നില്‍ക്കെ മിതാലി മടങ്ങി. പിന്നീട് ആറ് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ നാല് വിക്കറ്റുകള്‍കൂടി ഇന്ത്യക്ക് നഷ്ടമായി. ദീപ്തിക്ക് പിന്നാലെ സുഷമ വര്‍മ (1), ജുലന്‍ ഗോസ്വാമി (4), മോണിക പട്ടേല്‍ (4) എന്നിവരാണ് മടങ്ങിയത്. പൂനം യാദവ് (9), രാജേശ്വരി ഗെയ്കവാദ് (0) എന്നിവര്‍ പുറത്താവാതെ നിന്നു. 

ദക്ഷിണാഫ്രിക്കയ്ക്കായി ഷബ്‌നിം ഇസ്മായില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. നോണ്‍കുലുലെങ്കോ ലാബ രണ്ടും മരിസാനെ കാപ്പ്, അയബോംഗ ഖാക, സുനെ ലുസ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.