Asianet News MalayalamAsianet News Malayalam

റീസ കൊടുങ്കാറ്റ് വീശിയടിച്ചു! സ്വന്തം നാട്ടില്‍ വീര്യംകാട്ടി ദക്ഷിണാഫ്രിക്ക; ഇന്ത്യ അഞ്ച് വിക്കറ്റിന് വീണു

വെടിക്കെട്ട് തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചത്. റീസ - മാത്യൂ ബ്രീട്‌സകെ (16) സഖ്യം ഒന്നാം വിക്കറ്റില്‍ 42 റണ്‍സ് ചേര്‍ത്തു. എന്നാല്‍ മൂന്നാം ഓവരില്‍ ബ്രീട്‌സ്‌കെ റണ്ണൗട്ടായി.

south africa won first t20 against india by five wickets 
Author
First Published Dec 13, 2023, 12:29 AM IST

സെന്റ് ജോര്‍ജ്‌സ് പാര്‍ക്ക്: ഇന്ത്യക്കെതിരായ രണ്ടാം ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. അഞ്ച് വിക്കറ്റന്റെ വിജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 19.3 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 180 നേടിയിരിക്കെ മഴ മത്സരം തടസപ്പെടുത്തിയിരുന്നു. പിന്നാലെ വിജയലക്ഷ്യം 15 ഓവറില്‍ 152 റണ്‍സാക്കി വെട്ടിച്ചുരുക്കി. റിങ്കു സിംഗ് (39 പന്തില്‍ പുറത്താവാതെ 68), സൂര്യകുമാര്‍ യാദവ് (36 പന്തില്‍ 56) എന്നിവരാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 13.5 ഓവറില്‍ ലക്ഷ്യം മറികടന്നു. റീസ ഹെന്‍ഡ്രിക്‌സാണ് (27 പന്തില്‍ 49) ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക മുന്നിലെത്തി. ആദ്യ മത്സരം മഴ മുടക്കിയിരുന്നു. 

വെടിക്കെട്ട് തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചത്. റീസ - മാത്യൂ ബ്രീട്‌സകെ (16) സഖ്യം ഒന്നാം വിക്കറ്റില്‍ 42 റണ്‍സ് ചേര്‍ത്തു. എന്നാല്‍ മൂന്നാം ഓവരില്‍ ബ്രീട്‌സ്‌കെ റണ്ണൗട്ടായി. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രവും (17 പന്തില്‍ 30) ആഞ്ഞടിച്ചു. 54 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. എന്നാല്‍ 16 പന്തുകള്‍ക്കിടെ ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. മാര്‍ക്രമിന് പുറമെ റീസ, ഹെന്റിച്ച് ക്ലാസന്‍ (7) എന്നിവര്‍ പവലിയനിയിലേക്ക് മടങ്ങി. ഇതോടെ ദക്ഷിണാഫ്രിക്ക 9.2 ഓവറില്‍ നാലിന് 108 എന്ന നിലയിലായി. എങ്കിലും ഡേവിഡ് മില്ലര്‍ (12 പന്തില്‍ 17) നിര്‍ണായക സംഭാവന നല്‍കി. വിജയത്തിന് 13 റണ്ണകലെയാണ് മില്ലര്‍ വീഴുന്നത്. ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (14) - ആന്‍ഡിലെ ഫെഹ്ലുക്വയോ (10) സഖ്യം ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചു. മുകേഷ് കുമാര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. 

നേരത്തെ, മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. പവര്‍ പ്ലേയില്‍ മൂന്ന് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. യഷസ്വി ജെയ്‌സ്വാളിനും ശുഭ്മാന്‍ ഗില്ലിനും റണ്‍സൊന്നും നേടാന്‍ സാധിച്ചില്ല. മൂന്നാമതെത്തിയ തിലക് വര്‍മ (29) - സൂര്യ സഖ്യമാണ് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 49 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ആറാം ഓവറില്‍ തിലക് മടങ്ങി. തുടര്‍ന്ന് ക്രീസിലെത്തിയത് റിങ്കു. സൂര്യക്കൊപ്പം 70 റണ്‍സാണ് റിങ്കു ചേര്‍ത്തത്. എന്നാല്‍ കൃത്യമായ ഇടവേളയില്‍ തന്നെ സൂര്യ മടങ്ങി. 14-ാം ഓവറില്‍ തബ്രൈസ് ഷംസിക്ക് വിക്കറ്റ് നല്‍കി. 36 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്‌സും അഞ്ച് ഫോറും നേടിയിരുന്നു.

തുടര്‍ന്നെത്തിയ ജിതേഷിന് ഒരു റണ്‍സെടുക്കാനാണ് സാധിച്ചത്. രവീന്ദ്ര ജഡേജ (19) വാലറ്റത്ത് നിര്‍ണായക സംഭാവന നല്‍കി. അവസാന ഓവറിലെ രണ്ടാം പന്തിലാണ് ജഡേജ മടങ്ങുന്നത്. തൊട്ടടുത്ത പന്തില്‍ അര്‍ഷ്ദീപ് സിംഗ് (0) പവലിയനിലെത്തി. തുടര്‍ന്ന് മഴയെത്തിയതോടെ മത്സരം നിര്‍ത്തിവെക്കേണ്ടിവന്നു. റിങ്കു രണ്ട് സിക്‌സും ഒമ്പത് ഫോറും നേടിയിരുന്നു. 

അസുഖത്തെ തുടര്‍ന്ന് റുതുരാജ് ഗെയ്കവാദിനെ പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താതെയാണ് ഇന്ത്യ ഇറങ്ങിയത്. ഓപ്പണറായി ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തി. ഇഷാന്‍ കിഷനും ശ്രേയസ് അയ്യര്‍ക്കും ടീമില്‍ സ്ഥാനമുണ്ടായിരുന്നില്ല. ജിതേശ് ശര്‍മയായിരുന്നു വിക്കറ്റ് കീപ്പര്‍. ഏകദിന ലോകകപ്പിന് ശേഷം രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവര്‍ ടീമില്‍ തിരിച്ചെത്തിയിരുന്നു.

ജസ്റ്റ് ലുക്കിംഗ് ലൈക്ക് എ വൗ! മീഡിയ ബോക്‌സിന്റെ ചില്ല് തകര്‍ത്ത് റിങ്കുവിന്റെ പടുകൂറ്റന്‍ സിക്‌സ്; വീഡിയോ

Follow Us:
Download App:
  • android
  • ios