സെഞ്ചൂറിയന്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 107 റണ്‍സ് ജയം. സെഞ്ചൂറിയനില്‍ നടന്ന മത്സരത്തില്‍ രണ്ടര ദിനം ശേഷിക്കെ 376 റണ്‍സായിരുന്നു സന്ദര്‍ശകര്‍ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ഇംഗ്ലണ്ട് 268ന് പുറത്തായി. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 284 & 272, ഇംഗ്ലണ്ട് 181 & 268. ഇതോടെ നാല് മത്സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0ത്തിന് മുന്നിലെത്തി.

മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ വിജയപ്രതീക്ഷയിലായിരുന്നു ഇംഗ്ലണ്ട്. ഒന്നിന് 121 എന്ന നിലയില്‍ ശക്തമായ നിലയിലായിരുന്നു ഇംഗ്ലണ്ട്. എന്നാല്‍ റോറി ബേണ്‍സിനെ പുറത്താക്കി (84) ദക്ഷിണാഫ്രിക്ക ആദ്യ പ്രഹരമേല്‍പ്പിച്ചു. ആന്റിച്ച് നോര്‍ജെയ്ക്കായിരുന്നു വിക്കറ്റ്. ജോ ഡെന്‍ലിയെ (31) ഡ്വെയ്ന്‍ പ്രിട്ടോറിയൂസ് പവലിയനില്‍ തിരിച്ചെത്തിച്ചു. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണു. 48 റണ്‍സ് നേടിയ ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ബെന്‍ സ്‌റ്റോക്‌സ് (14), ജോണി ബെയര്‍സ്‌റ്റോ (9), ജോസ് ബട്‌ലര്‍ (22) എന്നിവര്‍ നിരാശപ്പെടുത്തി. ദക്ഷിണാഫ്രിക്കയ്ക്കായി കഗിസോ റബാദ നാലും നോര്‍ജെ മൂന്നും വിക്കറ്റ് വീഴ്ത്തി. കേശവ് മഹാരാജ് രണ്ടും പ്രിട്ടോറിയസ് ഒരു വിക്കറ്റും വീഴ്ത്തി.

ഒന്നാം ഇന്നിങ്‌സില്‍ 103 റണ്‍സിന്റെ ലീഡാണ് ദക്ഷിണാഫ്രിക്ക നേടിയിരുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 284ന് പുറത്താവുകയായിരുന്നു. സാം കുറാന്‍, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവര്‍ നാല് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് 181ന് പുറത്തായി. വെര്‍ണോന്‍ ഫിലാന്‍ഡര്‍ നാലും റബാദ മൂന്നും വിക്കറ്റ് വീഴ്ത്തിയിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക 272ന് പുറത്തായി. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് 268ന് പുറത്തായി.