Asianet News MalayalamAsianet News Malayalam

ആവേശം അവസാന പന്തുവരെ; വിന്‍ഡീസിനെതിരായ മൂന്നാം ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ത്രസിപ്പിക്കുന്ന ജയം

ഒരു റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്.
 

South Africa won over West Indies in third T20 by one Run
Author
Saint Lucia, First Published Jun 30, 2021, 4:10 AM IST

സെന്റ് ജോര്‍ജ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ത്രസിപ്പിക്കുന്ന ജയം. അവസാന പന്തുവരെ ആവേശം കത്തിനിന്ന മത്സരത്തില്‍ ഒരു റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ആതിഥേയര്‍ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുക്കാനാണ് സാധിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 2-1ന് മുന്നിലെത്തി. 

വിന്‍ഡീസിനെതിരെ കഗിസോ റബാദ അവസാന ഓവര്‍ എറിയാനെത്തുമ്പോള്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 15 റണ്‍സ്. ക്രീസിലുണ്ടായിരുന്നത് ഫാബിയന്‍ അലനും ഡ്വെയ്ന്‍ ബ്രാവോയും. ആദ്യ പന്ത് വൈഡ്. തൊട്ടടുത്ത പന്തില്‍ അലന് റണ്‍സൊന്നും നേടാന്‍ സാധിച്ചില്ല. രണ്ടാം പന്ത് അലന്‍ ബൗണ്ടറി പായിച്ചു. മൂന്നാം പന്ത് മിസ്സായപ്പോള്‍ നാലാം പന്തില്‍ രണ്ട് റണ്‍സെടുത്തു. അവസാന രണ്ട് പന്തില്‍ ജയിക്കാന്‍ വേണ്ടത് എട്ട് റണ്‍. എന്നാല്‍ അഞ്ചാം പന്തില്‍ റണ്‍സൊന്നും മെടുക്കാന്‍ സാധിച്ചില്ല. അവസാന പന്തില്‍ സിക്‌സ് നേടിയെങ്കിലും അനിവാര്യമായ തോല്‍വി ഏറ്റുവാങ്ങി. അലന്‍ (14), ബ്രാവോ (0) പുറത്താവാതെ നിന്നു. 

വിന്‍ഡീസ് നിരയില്‍ ആര്‍ക്കും കാര്യമായ സംഭവാന നല്‍കാന്‍ സാധിച്ചില്ല. 27 റണ്‍സ് വീതമെടുത്ത എവിന്‍ ലൂയിസും നിക്കോളാസ് പുരാനുമാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോര്‍മാര്‍. ലെന്‍ഡല്‍ സിമോണ്‍സ് (22), ജേസണ്‍ ഹോള്‍ഡര്‍ (16), ഷിംറോണ്‍ ഹെറ്റ്മയേര്‍ (17), കീറണ്‍ പൊള്ളാര്‍ഡ് (1), ആന്ദ്രേ റസ്സല്‍ (25) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. നാല് ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി തബ്രൈസ് ഷംസി രണ്ട് വിക്കറ്റ് വീഴ്ത്തി. ആന്റിച്ച് നോര്‍ജെയ്ക്കും രണ്ട് വിക്കറ്റുണ്ട്. ജോര്‍ജ് ലിന്‍ഡെ, ലുംഗി എന്‍ഗിഡി, റബാദ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.

നേരത്തെ ക്വിന്റണ്‍ ഡി കോക്കിന്റെ (72) പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. വാന്‍ ഡര്‍ ഡസ്സന്‍ (32), എയ്ഡന്‍ മാര്‍ക്രം (23), റീസ ഹെന്‍ഡ്രിക്‌സ് (17) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. തെംബ ബവൂമ (1), ഡേവിഡ് മില്ലര്‍ (2), ലിന്‍ഡെ (0), നോര്‍ജെ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഷംസി (0), റബാദ (4) പുറത്താവാതെ നിന്നു. ഒബെദ് മക്‌കോയ് വിന്‍ഡീസിനായി നാല് വിക്കറ്റ് വീഴ്ത്തി. ഡ്വെയ്ന്‍ ബ്രാവോയ്ക്ക് മൂന്ന് വിക്കറ്റുണ്ട്.

Follow Us:
Download App:
  • android
  • ios