ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി കായിക മത്സരങ്ങൾക്ക് ഇനി ഇന്ത്യ വേദിയൊരുക്കില്ല. 

ദില്ലി: പാകിസ്ഥാനുമായുള്ള കായിക ബന്ധത്തില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യ. രണ്ട് രാജ്യങ്ങളും തമ്മിലുള്ള പരമ്പരകള്‍ ഒഴിവാക്കുകയും ഏഷ്യാ കപ്പ് പോലുള്ള ബഹുരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ കളിക്കാന്‍ തീരുമാനവുമായി. ഇന്ത്യന്‍ മണ്ണിലോ പാകിസ്ഥാനിലോ ഒരു ഉഭയകക്ഷി മത്സരത്തിലും ഇന്ത്യയുടെ കായിക താരങ്ങള്‍ പാകിസ്ഥാനെ നേരിടില്ലെന്ന് യുവജനകാര്യ കായിക മന്ത്രാലയം വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ പറയുന്നതിങ്ങനെ... ''ഇന്ത്യന്‍ ടീമുകള്‍ ഇനി പാകിസ്ഥാനിലെ മത്സരങ്ങളില്‍ പങ്കെടുക്കില്ല. പാകിസ്ഥാന്‍ ടീമുകളെ ഇന്ത്യയില്‍ കളിക്കാന്‍ അനുവദിക്കുകയും ചെയ്യില്ല.'' കായിക മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നേരിട്ടുള്ള കായിക ബന്ധങ്ങള്‍ ഭാവിയില്‍ പുനരാരംഭിക്കുമെന്ന ഒരു പ്രതീക്ഷയും ഇനി വേണ്ട. ആരാധകരുടെയും ഭരണാധികാരികളുടെയും ഇടയില്‍ വളരെക്കാലമായി ഒരുപോലെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമായിരുന്നിത്.

ബഹുമുഖ ടൂര്‍ണമെന്റുകളെ ബാധിക്കില്ല

ഉഭയകക്ഷി ബന്ധങ്ങള്‍ മരവിപ്പിച്ചിട്ടുണ്ടെങ്കിലും, അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് തടസ്സമുണ്ടാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. അതായത് അടുത്ത മാസം നടക്കുന്ന ഏഷ്യാ കപ്പില്‍ പുരുഷ ക്രിക്കറ്റ് ടീം പങ്കെടുക്കും, അവിടെ പാകിസ്ഥാനും കളിക്കുന്നുണ്ട്. ''ഏഷ്യാ കപ്പ് മറ്റു ടീമുകള്‍ പങ്കെടുക്കുന്നതിനാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഞങ്ങള്‍ അതില്‍ കളിക്കുന്നതില്‍ നിന്ന് തടയില്ല. എന്നാല്‍ പാകിസ്ഥാനെ ഇന്ത്യന്‍ മണ്ണില്‍ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള മത്സരങ്ങള്‍ക്ക് അനുവദിക്കില്ല.'' മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യന്‍ ടീമുകള്‍ പാകിസ്ഥാനിലെ മത്സരങ്ങളിലും പങ്കെടുക്കില്ല. പാകിസ്ഥാന്‍ ടീമുകളെ ഇന്ത്യയില്‍ കളിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഇന്ത്യയിലോ വിദേശത്തോ ഉള്ള അന്താരാഷ്ട്ര മത്സരങ്ങളുടെ കാര്യത്തില്‍ അന്താരാഷ്ട്ര കായിക സംഘടന അനുശാസിക്കുന്ന നിയമം പിന്തുടരും. അന്താരാഷ്ട്ര ടൂര്‍ണമെന്റുകള്‍ക്ക് വേദിയാകാനുള്ള കെല്‍പ്പുണ്ട് ഇപ്പോള്‍ ഇന്ത്യക്ക്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന വലിയ ടൂര്‍ണമെന്റുകളില്‍ പാകിസ്ഥാന്‍ കളിക്കാര്‍ക്കും ടീമിനും പങ്കെടുക്കുന്നതില്‍ തടസമില്ല.

അന്താരാഷ്ട്ര കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന് ഇന്ത്യയെ മികച്ച വേദിയായി മാറ്റേണ്ടതുണ്ട്. അതിന് കായികതാരങ്ങള്‍, ടീം ഉദ്യോഗസ്ഥര്‍, സാങ്കേതിക ഉദ്യോഗസ്ഥര്‍, അന്താരാഷ്ട്ര കായിക ഭരണ സമിതികളുടെ ഭാരവാഹികള്‍ എന്നിവര്‍ക്കുള്ള വിസ നടപടിക്രമങ്ങള്‍ ലളിതമാക്കാനും തീരുമാനമായി.

YouTube video player