മുംബൈ: എട്ടു വര്‍ഷത്തെ ഇടവേളക്കുശേഷം മത്സര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയപ്പോഴും കാണുന്നത് ആ പഴയ ശ്രീശാന്തിനെ തന്നെ. പേസൊട്ടും കുറയാതെ ആവേശത്തില്‍ പിച്ചില്‍ മുട്ടുകുത്തിയിരുന്ന വിക്കറ്റിനായി അപ്പീല്‍ ചെയ്ത് നോട്ടം കൊണ്ടും വാക്കുകൊണ്ടും എതിരാളികളെ പ്രകോപിപ്പിക്കുന്ന അതേ ശ്രീശാന്ത്.

സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്‍റിന് മുന്നോടിയായി നടന്ന പരിശീലന മത്സരത്തില്‍ ശ്രീശാന്ത് പന്തെറിയുന്ന വീഡിയോ  കേരള ക്രിക്കറ്റ് അസോസിയേഷനാണ് പുറത്തുവിട്ടത്. എട്ടുവര്‍ഷം മുമ്പ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ കയറിപ്പോവുമ്പോള്‍ എങ്ങെനെയാണോ അതേ ശ്രീശാന്തിനെയാണ് ഇപ്പോഴും വീഡിയോയില്‍ കാണാനാവുന്നത്. എതിരാളികളെ നോട്ടം കൊണ്ടും വാക്കുകൊണ്ടും പ്രകോപിപ്പിച്ച ശ്രീശാന്ത് മത്സരത്തില്‍ ഏതാനും വിക്കറ്റുകളും വീഴ്ത്തി. വിക്കറ്റെടുത്തശേഷവും പതിവ് ആഘോഷങ്ങള്‍ കാണാമായിരുന്നു.

നേരത്തെ കേരളത്തിന്‍റെ ക്യാപ്പ് സ്വീകരിക്കുന്ന വീഡിയോ ശ്രീശാന്ത് തന്നെ പുറത്തുവിട്ടിരുന്നു. മുഷ്താഖ് അലി ടി20യില്‍ മാത്രമല്ല ഇറാനി ട്രോഫിയിലും രഞ്ജി ട്രോഫിയിലും മികച്ച പ്രകടനം നടത്തണമെന്നാണ് അഗ്രഹമെന്നും 2023ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യക്കായി കളിക്കുക എന്നതാണ് തന്‍റെ സ്വപ്നമെന്നും 37കാരനായ ശ്രീശാന്ത് പറഞ്ഞു.