സഞ്ജു ആക്രമണോത്സുകനായ നായകനും ബാറ്ററുമാണെന്ന് ശ്രീശാന്ത് ഐപിഎല്ലിന് മുന്നോടിയായി സ്റ്റാര്‍ സ്പോര്‍ട്സ് പുറത്തുവിട്ട വീഡിയോയില്‍ പറഞ്ഞു. 

കൊച്ചി: ഐപിഎല്ലില്‍ കഴിഞ്ഞ തവണ കൈവിട്ട കിരീടം തിരിച്ചുപിടിക്കാനുള്ള തയാറെടുപ്പിലാണ് രാജസ്ഥാന്‍ റോയല്‍സ്. മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍റെ പ്രധാന പ്രതീക്ഷയും സഞ്ജുവിന്‍റെ നായകമികവിലാണ്. നായകാനയുള്ള ആദ്യ ഐപിഎല്ലില്‍ തന്നെ ടീമിനെ ഫൈനലിലെത്തിച്ച സഞ്ജു ബാറ്ററെന്ന നിലയിലും കഴിഞ്ഞ സീസണില്‍ തിളങ്ങി. 17 കളികളില്‍ 146.79 സ്ട്രൈക്ക് റേറ്റില്‍ 457 റണ്‍സാണ് സഞ്ജു അടിച്ചു കൂട്ടിയത്.

ഐപിഎല്ലില്‍ മികവ് കാട്ടിയിട്ടും ഇന്ത്യന്‍ ടീമില്‍ സ്ഥിരാംഗമാവാന്‍ സഞ്ജുവിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റപ്പോള്‍ പകരം സഞ്ജു ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. സഞ്ജുവിന് പകരം കളിച്ച സൂര്യകുമാര്‍ യാദവ് മൂന്ന് മത്സരങ്ങളിലും ഗോള്‍ഡന്‍ ഡക്കായതോടെ സഞ്ജുവിനെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാത്തതിനെതിരെ ആരാധകരോഷം ഉയരുന്നുമുണ്ട്. ഇതിനിടെ സഞ്ജുവിന് ഉപദേശവുമായി എത്തിയരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ കൂടിയായി എസ് ശ്രീശാന്ത്.

സഞ്ജുവിനെ നിങ്ങള്‍ ഇനിയെങ്ങനെ പുറത്തിരുത്തും, ചോദ്യവുമായി ആരാധകര്‍

സഞ്ജു ആക്രമണോത്സുകനായ നായകനും ബാറ്ററുമാണെന്ന് ശ്രീശാന്ത് ഐപിഎല്ലിന് മുന്നോടിയായി സ്റ്റാര്‍ സ്പോര്‍ട്സ് പുറത്തുവിട്ട വീഡിയോയില്‍ പറഞ്ഞു. ഞാന്‍ സഞ്ജുവിനോട് സംസാരിച്ചിരുന്നു. അവനോട് എനിക്ക് പറയാനുള്ളത്, ആക്രമണവും പ്രതിരോധവും തമ്മില്‍ എപ്പോഴും സന്തുലനം വേണമെന്നാണ്.ചില സമയങ്ങളില്‍ നമ്മള്‍ ഒരടി പിന്നിലേക്ക് നില്‍ക്കേണ്ടിവരും.അത് മാത്രമാണ് എനിക്ക് അവനോട് പറയാനുള്ളത്.

ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജു ഇനിയും ഏറെ മെച്ചപ്പെടുമെന്നും ശ്രീശാന്ത് പറഞ്ഞു.തന്‍റെ ശക്തിയും ബലഹീനതകളും തിരിച്ചറിഞ്ഞ് തീരുമാനങ്ങളെടുക്കുമ്പോള്‍ സന്തുലിതമായി തീരുമാനങ്ങളെടുക്കുക എന്നതാണ് ഐപിഎല്ലില്‍ സ‍ഞ്ജുവിന് ചെയ്യാനുള്ളത്.ഈ സീസണില്‍ രാജസ്ഥാന്‍റെ തുരുപ്പ് ചീട്ടാകും സഞ്ജുവെന്നും ഐപിഎല്ലിലെ മിന്നും പ്രകടനത്തിലൂടെ സഞ്ജു ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമെന്നും ശ്രീശാന്ത് പ്രതീക്ഷ പ്രകടിപ്പിച്ചു.