ഐപിഎല്‍ ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് ഏഴ് വര്‍ഷകാലം ക്രിക്കറ്റിന് പുറത്തായിരുന്നു താരം. 2013 അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴുണ്ടായ ദുരനുഭവങ്ങള്‍ വിവരിക്കുകയാണ് ശ്രീശാന്ത്. 

കൊച്ചി: ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിനുള്ള ശ്രമത്തിലാണ് മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. താരത്തെ അടുത്ത സീസണിലേക്കുള്ള കേരളത്തിന്റെ രഞ്ജി ടീമിലേക്ക് പരിഗണിക്കുമെന്ന് കേരള ക്രിക്കറ്റ് ടീം കോച്ച് ടിനു യോഹന്നാന്‍ പറഞ്ഞിരുന്നു. ഐപിഎല്‍ ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് ഏഴ് വര്‍ഷകാലം ക്രിക്കറ്റിന് പുറത്തായിരുന്നു താരം. 2013 അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴുണ്ടായ ദുരനുഭവങ്ങള്‍ വിവരിക്കുകയാണ് ശ്രീശാന്ത്.

മോശം അനുഭവങ്ങളാണ് നേരിട്ടതെന്ന ശ്രീശാന്ത് വ്യക്തമാക്കി. അദ്ദേഹം തുടര്‍ന്നു... ''സെക്കന്‍ഡിന്റെ ഒരംശത്തിനിടെ ജീവിതം മാറിമറിഞ്ഞത്. ഐപിഎല്‍ മത്സരം കഴിഞ്ഞുള്ള പാര്‍ട്ടിക്കിടെയാണ് പൊലീസ് എന്നെ അറസ്റ്റ് ചെയ്യുന്നത്. 12 ദിവസങ്ങള്‍, തീവ്രവാദികളെ ചോദ്യം ചെയ്യുന്ന മുറിയില്‍ ദിവസനേ 16-17 മണിക്കൂര്‍ അവര്‍ എന്നെ ചോദ്യം ചെയ്തു. കുടുംബവും വീടും മാത്രമായിരുന്നു എന്റെ മനസില്‍. ബന്ധുക്കള്‍ കാണാന്‍ വന്നു. കുടുംബം സുഖമായിരിക്കുന്നുവെന്ന് അവരില്‍ നിന്ന് മനസിലാക്കി. 

അവരുടെ പിന്തുണ വലുതായിരുന്നു. ഞാന്‍ ജയിലില്‍ പോകുന്നതും ഇറങ്ങുന്നതും ആരോ ഫോട്ടോയെടുത്തില്ലെന്നുള്ള വലിയ ആശ്വാസം തോന്നി. അത്തരം ചിത്രങ്ങള്‍ എന്റെ കുട്ടികള്‍ കാണാനിടയില്ലെന്നുള്ളത് ഭാഗ്യമായി കാണുന്നു.'' ശ്രീശാന്ത് പറഞ്ഞുനിര്‍ത്തി. 

ഒരു തീരുമാനമെടുക്കും മുമ്പ് എപ്പോഴും ചിന്തിക്കണമെന്നും അത് നിങ്ങളുടെ ജീവിതം തന്നെ മാറ്റി മറിച്ചേക്കാമെന്നു ശ്രീശാന്ത് ആരാധകരെ ഉപദേശിക്കുന്നു.