കൊച്ചി: 2007 പ്രഥമ ടി20 ലോകകപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെ എസ് ശ്രീശാന്തെടുത്ത ക്യാച്ച് ക്രിക്കറ്റ് ലോകം മറക്കാനിടയില്ല. കാരണം ഇന്ത്യക്ക് പ്രഥമ ടി20 ലോകകപ്പ് സമ്മാനിച്ച ക്യാച്ചായിരുന്നത്. അവസാന ഓവറില്‍ ആ ക്യാച്ചെടുക്കുമ്പോള്‍ ഏതൊരു താരത്തിന് സമ്മര്‍ദ്ദം പിടികൂടാം. എന്നാല്‍ ശ്രീശാന്ത് പറയുന്നത് ആ ക്യാച്ചെടുക്കുമ്പോള്‍ എനിക്ക് അമിതമായ സമ്മര്‍ദ്ദം ഇല്ലായിരുന്നുവെന്നാണ്.

ഏറ്റവും കൂടുതല്‍ സമ്മര്‍ദ്ദമുണ്ടായ ക്യാച്ചിനെ കുറിച്ചാണ് ശ്രീ പറയുന്നത്. ലോകകപ്പിലെ ക്യാച്ച് അല്ലായിരുന്നുവെന്നും എന്നാല്‍ മറ്റൊരു ക്യാച്ചെടുക്കുമ്പോഴാണ് കൂടുതല്‍ സമ്മര്‍ദ്ദം അനുഭവപ്പെട്ടതെന്ന് ശ്രീശാന്ത് പറയുന്നത്. താരം തുടര്‍ന്നു... ''2007 ടി20 ലോകകപ്പ് ഫൈനലിലെടുത്ത മിസ്ബയുടെ ക്യാച്ചല്ല എനിക്ക് കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കിയത്. ആ മത്സരത്തില്‍ തന്നെ ഷാഹിദ് അഫ്രീദിയുടെ ക്യാച്ചെടുക്കുമ്പോഴാണ് തനിക്കു കൂടുതല്‍ സമ്മര്‍ദ്ദം അനുഭവപ്പെട്ടത്. അത്രയേറെ സമ്മര്‍ദ്ദം എനിക്ക് മുമ്പുണ്ടായിട്ടില്ല.

ആ ക്യാച്ച് എനിക്ക് മറക്കാന്‍ കഴിയില്ല. ഇര്‍ഫാന്‍ പഠാനായിരുന്നു ബൗളര്‍. അഫ്രീദി തീര്‍ച്ചയായും സിക്സറിനു ശ്രമിക്കുമെന്ന് ഇര്‍ഫാന്‍ എന്നോടു പറഞ്ഞു. അത് ശരിയായിരുന്നു. ആദ്യ പന്തില്‍ തന്നെ താരം സിക്‌സറിന് ശ്രമിച്ചു. ടൈമിങ് പിഴച്ച് പന്ത് എന്റെ കൈകളിലേക്ക്. ഈ ക്യാച്ച് വളരെ അനായാസമയെന്ന് തോന്നാമെങ്കിലും പന്ത് കൈപ്പിടിയിലൊതുങ്ങുന്നത് വരെ താന്‍ നേരിട്ട സമ്മര്‍ദ്ദം ഏറെയായിരുന്നു. 

എന്നാല്‍ മിസ്ബയുടെ ക്യാച്ചെടുക്കുമ്പോള്‍ എനിക്ക് ആശയകുഴപ്പമുണ്ടായിരുന്നു. മിസ്ബായെ രണ്ട് റണ്‍സ് നേടുന്നതില്‍ നിന്നും തടയുകയായിരുന്നു ലക്ഷ്യം. ക്യാച്ചെടുക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമുണ്ടായിരുന്നില്ല. ന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും സമ്മര്‍ദ്ദമുണ്ടാക്കുന്ന ക്യാച്ചാണെന്ന് ധോണി പോലും പിന്നീട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ എനിക്ക് ആ സമയത്ത് അമിത സമ്മര്‍ദ്ദം തോന്നിയിരുന്നില്ല.'' ശ്രീശാന്ത് പറഞ്ഞുനിര്‍ത്തി.