കൊളംബൊ: ദിനേഷ് ചാണ്ഡിമലിനെ ഉള്‍പ്പെടുത്തി പാകിസ്ഥാനെതിരെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു. രണ്ട് ടെസ്റ്റുകളാണ് പാകിസ്ഥാനെതിരെ നടക്കുന്നത്. റാവല്‍പിണ്ടിയിലും കറാച്ചിയിലുമായിട്ടാണ് ടെസ്റ്റുകള്‍ നടക്കുക. ഡിസംബര്‍ 11നാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസറ്റ് 19ന് കറാച്ചിയില്‍ ആരംഭിക്കും. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാകിസ്ഥാനിലേക്ക് ടെസ്റ്റ് ക്രിക്കറ്റെത്തുന്നത്. 2009ലാണ് അവസാനമായി പാകിസ്ഥാനില്‍ ഒരു ടെസ്റ്റ് പരമ്പര നടന്നത്.

അകില ധനഞ്ജയയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കഴിഞ്ഞ സെപ്റ്റംബറില്‍ തെറ്റായ രീതിയില്‍ പന്തെറിഞ്ഞതിന് ഐസിസിയുടെ വിലക്ക് നേരിടുകയാണ് താരം. ഒരു വര്‍ഷം താരത്തിന് പന്തെറിയാന്‍ സാധിക്കില്ല. ന്യൂസിലന്‍ഡിനെതിരെ ഇക്കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ ചാണ്ഡിമല്‍ ഉണ്ടായിരുന്നെങ്കിലും ഒരു മത്സരത്തിലും കളിച്ചിരുന്നില്ല. അതേസമയം കശുന്‍ രജിതയെ ടീമിലേക്ക് തിരിച്ചുവിളിച്ചു. 

ശ്രീലങ്കന്‍ ടീം: ദുമുത് കരുണാരത്‌നെ (ക്യാപ്റ്റന്‍), ഒഷാഡ ഫെര്‍ണാണ്ടോ, കുശാല്‍ മെന്‍ഡിസ്, എയഞ്ചലോ മാത്യൂസ്, ദിനേഷ് ചാണ്ഡിമല്‍, കുശാല്‍ പെരേര, ലാഹിരു തിരിമാനെ, ധനഞ്ജയ ഡിസില്‍വ, നിരോഷന്‍ ഡിക്ക്‌വെല്ല, ദില്‍റുവാന്‍ പെരേര, ലസിത് എംബുല്‍ദേനിയ, സുരംഗ ലക്മല്‍, ലാഹിരു കുമാര, വിശ്വ ഫെര്‍ണാണ്ടോ, കശുന്‍ രജിത, ലക്ഷന്‍ സന്ധാകന്‍.