കൊളംബൊ: മുന്‍ ക്യാപ്റ്റന്മാരായ ദിനേശ് ചാണ്ഡിമല്‍, എയ്ഞ്ചലോ മാത്യൂസ് എന്നിവരെ ഉള്‍പ്പെടുത്തി ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമില്‍ നിന്നാണ് 15 അംഗ ടീമിനെ തിരഞ്ഞെടുത്തത്. ഈ മാസം 14നാണ് രണ്ട് ടെസ്റ്റുകളുള്ള പരമ്പര ആരംഭിക്കുന്നത്. 

കഴിഞ്ഞ ആറ് മാസത്തിനിടെ ഒരിക്കല്‍ പോലും ലങ്കന്‍ ജേഴ്സി അണിയാത്ത താരമാണ് ചാണ്ഡിമല്‍. ഓസ്ട്രേലിയന്‍ പര്യടനത്തിലെ മോശം ഫോം ടീമില്‍ നിന്ന് പുറത്തേക്കുള്ള വഴിയൊരുക്കി. ലോകകപ്പ് ടീമിലും താരത്തിന് ഇടം നേടാന്‍ സാധിച്ചിരുന്നില്ല. 

ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര ജയിക്കുമ്പോള്‍ ടീമിന്റെ ഉപനായകനായിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ നിരോഷന്‍ ഡിക്ക്വെല്ലയും ടീമിലെത്തി. ഡിക്ക്വെല്ലയ്ക്കും ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ശ്രീലങ്ക എയുടെ ഇന്ത്യന്‍ പര്യടനത്തില്‍ പുറത്തെടുത്ത മികച്ച പ്രകടനമാണ് താരത്തിന് തുണയായത്. 

പരിക്ക് കാരണം ദക്ഷിണാഫ്രിക്കന്‍ പര്യടനം നഷ്ടമായ മാത്യൂസും ടീമില്‍ ഇടം നേടിയിട്ടുണ്ട്. ബംഗ്ലാദേശിനെതിരെ അടുത്തിടെ അവസാനിച്ച ഏകദിന പരമ്പരയില്‍ മാന്‍ ഓഫ് ദ സീരീസായിരുന്നു മാത്യൂസ്. 

ലങ്കന്‍ ടീം ഇങ്ങനെ: ദിമുത് കരുണാരത്‌നെ (ക്യാപ്റ്റന്‍), എയ്ഞ്ചലോ മാത്യൂസ്, ദിനേശ് ചാണ്ഡിമല്‍, ലാഹിരു തിരിമാനെ, കുശാല്‍ മെന്‍ഡിസ്, കുശാല്‍ ജെനിത് പെരേര, നിരോഷന്‍ ഡിക്ക്വെല്ല, ധനഞ്ജയ ഡി സില്‍വ, അകില ധനഞ്ജയ, ലസിത് എംബുല്‍ഡെനിയ, സുരംഗ ലക്മല്‍, ലാഹിരു കുമര, ഒഷഡ ഫെര്‍ണാണ്ടോ, ലക്ഷന്‍ സന്ധാകന്‍, വിശ്വ ഫെര്‍ണാണ്ടോ.