ജയത്തോടെ രണ്ട് മത്സര പരമ്പരയില്‍ ശ്രീലങ്ക 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം വെള്ളിയാഴ്ച നടക്കും.

കൊളംബോ: ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് ലോക ചാമ്പ്യൻമാരായ ഓസ്ട്രേലിയക്ക് ഞെട്ടിക്കുന്ന തോല്‍വി. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയെ ശ്രീലങ്ക 49 റണ്‍സിന് തോല്‍പ്പിച്ചു. ആദ്യം ബറ്റ് ചെയ്ത ശ്രീലങ്ക 46 ഓവറില്‍ 214 റൺസിന് ഓള്‍ ഔട്ടായപ്പോള്‍ ഓസ്ട്രേലിയ 33.5 ഓവറില്‍ 165 റണ്‍സിന് ഓള്‍ ഔട്ടായി. ജയത്തോടെ രണ്ട് മത്സര പരമ്പരയില്‍ ശ്രീലങ്ക 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം വെള്ളിയാഴ്ച നടക്കും.

215 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഓസീസിന് തുടക്കം മുതലേ തിരിച്ചിടയേറ്റു. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ഓപ്പണര്‍ മാത്യു ഷോര്‍ട്ട്(0) പൂജ്യനായി മടങ്ങി. അസിത ഫെര്‍ണാണ്ടോക്കായിരുന്നു വിക്കറ്റ്. തന്‍റെ രണ്ടാം ഓവറില്‍ വെടിക്കെട്ട് ഓപ്പണര്‍ ജേക് ഫ്രേസര്‍ മക്‌ഗുര്‍ഗിനെ(3)ഫെര്‍ണാണ്ടോ മടക്കിയതോടെ ഓസീസ് പ്രതീരോധത്തിലായി. കൂപ്പര്‍ കൊണോലിയെ(3) മഹീഷ തീക്ഷണയും ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ(12) ദുനിത് വെല്ലാലഗെയും വീഴ്ത്തിയതോടെ 31-4ലേക്ക് വീണ ഓസീസിന് ലാബുഷെയ്നിന്‍റെയും അലക്സ് ക്യാരിയുടെയും കൂട്ടുകെട്ട് പ്രതീക്ഷ നല്‍കിയെങ്കലും ഇരുവരും അടുത്തടുത്ത് പുറത്തായതോടെ 85-6ലേക്ക് കൂപ്പുകുത്തി.

രഞ്ജി ട്രോഫി: രക്ഷകനായി വീണ്ടും സല്‍മാന്‍ നിസാര്‍; ജമ്മു കശ്മീരിനെതിരെ വീരോചിത സമനിലയുമായി കേരളം സെമിയില്‍

ആരോണ്‍ ഹാര്‍ഡി(32), ഷോണ്‍ ആബട്ട്(20), ആദം സാംപ(20*) എന്നിവരുടെ ചെറുത്തുനില്‍പ്പിന് ഓസീസിന്‍റെ തോല്‍വിഭാരം കുറക്കാന്‍ മാത്രമെ കഴിഞ്ഞുള്ളു. ലങ്കക്കായി മഹീഷ തീക്ഷണ 40 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ അസിത ഫെര്‍ണാണ്ടോയും ദുനിത് വെല്ലാലെഗെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയും ബാറ്റിംഗ് തകര്‍ച്ചയെ നേരിട്ടിരുന്നു. പതിനഞ്ചാം ഓവറില്‍ 55-5ലേക്ക് വീണ ലങ്കയെ അഞ്ചാമനായി ക്രീസിസലെത്തിയ ക്യാപ്റ്റന്‍ ചരിത് അസലങ്കയുടെ വീരോചിത സെഞ്ചുറിയും(127), ദുനിത് വെല്ലാലെഗെയുടെ(30) ചെറുത്തുനില്‍പ്പുമാണ് 200 കടത്തിയത്. ഇരുവര്‍ക്കും പുറമെ കുശാല്‍ മെന്‍ഡിസ്(19), ജനിത് ലിയാനഗെ(11) എന്നിവര്‍ മാത്രമാണ് ലങ്കന്‍ നിരയില്‍ രണ്ടക്കം കടന്നത്. ഓസീസിനായി ഷോണ്‍ ആബട്ട് മൂന്നും നഥാന്‍ എല്ലിസ്, സ്പെന്‍സര്‍ ജോണ്‍സണ്‍, ആരോണ്‍ ഹാര്‍ഡി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക