മെല്‍ബണ്‍: ശ്രീലങ്കയ്‌ക്കെതിരെ വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യക്ക് 114 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ഇത്രയും റണ്‍സെടുത്തത്. നാല് വിക്കറ്റ് നേടിയ രാധ യാദവിന്റെ ബൗളിങ്ങാണ് ശ്രീലങ്കയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. 33 റണ്‍സ് നേടിയ ചമാരി അതപത്തു (33)വാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് ഇന്ത്യ നേരത്തെ സെമി ഉറപ്പിച്ചിരുന്നു.

മോശം തുടക്കമായിരുന്നു ശ്രീലങ്കയ്ക്ക്. മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ ഉമേഷ തിമാഷിനി (2)യെ നഷ്ടമായി. മൂന്നാമതായി ഇറങ്ങിയ ഹര്‍ഷിത മാധവി (12)- അതപത്തു കൂട്ടുകെട്ടാണ് അല്‍പമെങ്കിലും ചെറുത്തുനിന്നത്. ഇരുവരും 30 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മാധവി പുറത്തായതോടെ ലങ്കയ്ക്ക് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായി. പിന്നീടെത്തിയ ആര്‍ക്കും മികച്ച കൂട്ടുകെട്ട് പോലും ഉണ്ടാക്കാനായില്ല. വാലറ്റത്ത് കവിഷ ദില്‍ഹാരി (16 പന്തില്‍ 25) നടത്തിയ പോരാട്ടമാണ് സ്‌കോര്‍ 100 കടത്തിയത്.

രാധ യാദവിന് പുറമെ ഇന്ത്യക്ക് വേണ്ടി രജേശ്വരി ഗെയ്ക്‌വാദ് രണ്ടും ദീപ്തി ശര്‍മ, ശിഖ പാണ്ഡെ, പൂനം യാദവ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ഗ്രൂപ്പ് എയില്‍ ഇന്ത്യയുടെ അവസാന മത്സരമാണിത്. ഇതും ജയിച്ച് ആത്മവിശ്വാസത്തോടെ സെമി കളിക്കാനാണ് ഇന്ത്യന്‍ സംഘം ലക്ഷ്യമിടുന്നത്.