കൊളംബൊ: തിസാര പെരേര, ഷെഹാന്‍ ജയസൂര്യ, നുവാന്‍ പ്രദീപ് എന്നിവര്‍ ശ്രീലങ്കന്‍ ടി20 ടീമിലേക്ക് തിരികെ വിളിച്ചു. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് ടി20 മത്സരങ്ങള്‍ക്കുള്ള ടീമിലാണ് മൂവരേയും ഉള്‍പ്പെടുത്തിയത്. മാര്‍ച്ച് ഒന്നിനാണ് ആദ്യ ടി20. കശുന്‍ രജിത, ഭാനുക രാജപക്‌സ, ഒഷാഡോ ഫെര്‍ണാണ്ടോ എന്നിവരെ 15 അംഗ ടീമില്‍ നിന്ന് ഒഴിവാക്കി. പരിക്ക് കാരണം ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ധനുഷ്‌ക ഗുണതിലകയെ ടീമിലേക്ക് പരിഗണിച്ചില്ല. 

ആഭ്യന്തര ലീഗിലെ മികച്ച പ്രകടനാണ് തിസാരയുടെ തിരിച്ചുവരവിന് വഴിയൊരുക്കിയത്. കൂടാതെ വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലും മോശമല്ലാത്ത പ്രകടനമാണ് തിസാര പുറത്തെടുത്തത്. നേരത്തെ ന്യൂസിലന്‍ഡ്, ഇന്ത്യ എന്നിവര്‍ക്കെതിരായ ടി20 പരമ്പരകളില്‍ നിന്ന് താരത്തെ ഒഴിവാക്കിയിരുന്നു. 

കഴിഞ്ഞ വര്‍ഷം നവംബറില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് നുവാന്‍ പ്രദീപ് അവസാന ടി20 കളിച്ചത്. ഷെഹാന്‍ ജയസൂര്യവും ഓസീസിനെതിരെയാണ് അവസാനം കളിച്ചത്. മാര്‍ച്ച് 4, 6 തിയതികളിലാണ് രണ്ടും മൂന്നും ടി20 മത്സരങ്ങള്‍. 

ശ്രീലങ്കന്‍ ടീം: ലസിത് മലിംഗ (ക്യാപ്റ്റന്‍), നിരോഷന്‍ ഡിക്ക്‌വെല്ല, അവിഷ്‌ക ഫെര്‍ണാണ്ടോ, കുശാല്‍ പെരേര, ധനുഷ്‌ക ഗുണതിലക, കുശാല്‍ മെന്‍ഡിസ്, ഷെഹാന്‍ ജയസൂര്യ, ദസുന്‍ ഷനക, വാനിഡു ഹസരങ്ക, അകില ധനഞ്ജയ, ലക്ഷന്‍ സന്ധാകന്‍, ഇസുരു ഉഡാന, കശുന്‍ രജിത, ലാഹിരു കുമാര, ലാഹിരു മധുശനക.