ലോകകപ്പില്‍ ശ്രീലങ്കന്‍ നായകനായിരുന്ന കുമാര്‍ സംഗക്കാരയോടും ഫൈനലില്‍ ലങ്കക്കായി സെഞ്ചുറി നേടിയ മുന്‍ നായകന്‍ മഹേല ജയവര്‍ധനയോടും ചോദ്യം ചെയ്യലിന് ഹാജരാവാന്‍ അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

കൊളംബൊ: 2011 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ- ശ്രീലങ്ക മത്സരം ഒത്തുകളിയാണെന്ന മുന്‍ ശ്രീലങ്കന്‍ കായിക മന്ത്രി മഹിന്ദാനന്ദ അലുത്ഗമേജിന്റെ ആരോപണത്തില്‍ അന്വേഷണം ആരംഭിച്ച ശ്രീലങ്കന്‍ പോലീസ് മുന്‍ ശ്രീലങ്കന്‍ ഓപ്പണര്‍ ഉപുല്‍ തരംഗയെ ചോദ്യം ചെയ്തു. ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയുടെ ഓപ്പണറായിരുന്നു ഉപുല്‍ തരംഗ. തരംഗയെ രണ്ട് മണിക്കൂറോളം ചോദ്യം ചെയ്ത് പൊലീസ് മൊഴി രേഖപ്പെടുത്തി.

അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കിയെന്ന് തരംഗ മാധ്യമങ്ങളോട് പറഞ്ഞു. ഫൈനലില്‍ 20 പന്ത് നേരിട്ട തരംഗ രണ്ട് റണ്‍സെടുത്ത് പുറത്തായിരുന്നു. മുന്‍ മന്ത്രിയുടെ ആരോപണത്തില്‍ ലോകകപ്പ് സമയത്ത് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടറായിരുന്ന അരവിന്ദ ഡിസില്‍വയെ അന്വേഷണ സംഘം ഇന്നലെ ആറ് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

നേരത്തെ കായികമന്ത്രി ഡള്ളാസ് അലാഹ്‌പെരുമ ആണ് മുന്‍ കായിക മന്ത്രിയുടെ ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. ഓരോ രണ്ടാഴ്ചയും അന്വേഷണ പുരോഗതി അറിയിക്കണമെന്നും മന്ത്രി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.


മുന്‍ കായികമന്ത്രി അലുത്ഗമേജ് ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചെങ്കിലും തെളിവൊന്നും നിരത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. മുന്‍ മന്ത്രിയുടെ ആരോപണത്തിനെതിരേ കുമാര്‍ സംഗക്കാരയും ടീമംഗമായിരുന്ന മഹേല ജയവര്‍ധനയും രംഗത്തു വന്നിരുന്നു. ലോകകപ്പില്‍ ഒത്തുകളി നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ തെളിവ് പുറത്തു വിടാനായിരുന്നു ഇരുവരും ആവശ്യപ്പെട്ടത്.

ഫൈനലില്‍ കമന്റേറ്ററായിരുന്നു ശ്രീലങ്കന്‍ മുന്‍ നായകന്‍ അര്‍ജുന രണതുംഗയും മത്സരം ഒത്തുകളിയാണെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും മുമ്പ് പറഞ്ഞിരുന്നു. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ശ്രീലങ്കയെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സാണ് നേടിയത്. എന്നാല്‍ 49-ാംം ഓവറില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു.