ഓസീസിനായി ആദ്യ ടി20യില്‍ തിളങ്ങിയ ജോഷ് ഹേസല്‍വുഡ് വിക്കറ്റൊന്നും എടുത്തില്ലെങ്കിലും നാലോവറില്‍ 16 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. കെയ്ന്‍ റിച്ചാര്‍ഡ്സണ്‍ നാലോവറില്‍ 30 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ ജെയ് റിച്ചാര്‍ഡ്സണ്‍ നാലോവറില്‍ 26 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.

കൊളംബോ: ഓസ്ട്രേലിയക്കെതിരാ രണ്ടാം ടി20 മത്സരത്തിലും ശ്രീലങ്കക്ക് (Sri Lanka vs Australia)ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സടിക്കാനെ കഴിഞ്ഞുള്ളു. 39 റണ്‍സടിച്ച ചരിത് അസലങ്കയാണ് ലങ്കയുടെ ടോപ് സ്കോറര്‍. ഓസീസിനായി കെയ്ന്‍ റിച്ചാര്‍‍ഡ്സണ്‍ നാലും ജെയ് റിച്ചാര്‍ഡസണ്‍ മൂന്നും വിക്കറ്റെടുത്തു.

തകര്‍ച്ചയോടെ തുടങ്ങി

ടോസിലെ നിര്‍ഭാഗ്യം ബാറ്റിംഗിലും ലങ്കയെ പിടികൂടി. സ്കോര്‍ ബോര്‍ഡില്‍ ഏഴ് റണ്‍സെത്തിയപ്പോഴേക്കും ഓപ്പണര്‍മാരായ പാതും നിസങ്കയും(3), ഗുണതിലകയും(4) ഡ്രസ്സിംഗ് റൂമില്‍ തിരിച്ചെത്തി. മൂന്നാം വിക്കറ്റില്‍ അസലങ്കയും കുശാല്‍ മെന്‍ഡിസും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ലങ്കയെ മികച്ച സ്കോറിലേക്ക് നയിച്ചു. എന്നാല്‍ അസലങ്കയെ(36 പന്തില്‍ 39) മാക്സ്‌വെല്ലും മെന്‍ഡിസിനെ(36 പന്തില്‍ 36) ജെയ് റിച്ചാര്‍ഡ്സണും മടക്കിയതോടെ ആദ്യ ടി20യിലേതുപോലെ ലങ്ക അവിശ്വസനീയമായി തകര്‍ന്നു.

ഭാനുക രാജപക്ഷെ(13), ക്യാപ്റ്റന്‍ ഷനക(14), വാനിന്ദു ഹസരങ്ക(12) എന്നിവര്‍ മികച്ച തുടക്കം മുതലക്കാനാവാതെ മടങ്ങി. അവസാന ഏഴ് പന്തില്‍ നാലു വിക്കറ്റുകലാണ് ലങ്കക്ക് നഷ്ടമായത്. ഇന്നിംഗ്സിലെ അഴസാന ഓവറില്‍ കെയ്ന്‍ റിച്ചാര്‍ഡ്സണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി ലങ്കയെ 124ല്‍ തളച്ചു.

ഓസീസിനായി ആദ്യ ടി20യില്‍ തിളങ്ങിയ ജോഷ് ഹേസല്‍വുഡ് വിക്കറ്റൊന്നും എടുത്തില്ലെങ്കിലും നാലോവറില്‍ 16 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. കെയ്ന്‍ റിച്ചാര്‍ഡ്സണ്‍ നാലോവറില്‍ 30 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ ജെയ് റിച്ചാര്‍ഡ്സണ്‍ നാലോവറില്‍ 26 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. ഗ്ലെന്‍ മാക്സ്‌വെല്‍ മൂന്നോവരില്‍ 18 റണ്‍സിന് രണ്ട് വിക്കറ്റും വീഴ്ത്തി. ഇന്നലെ നടന്ന ആദ്യ ടി20യില്‍ ഓസിസ് 10 വിക്കറ്റിന്‍റെ ജയം നേടിയിരുന്നു. ഇന്നത്തെ മത്സരം തോറ്റാല്‍ ലങ്കക്ക് പരമ്പര നഷ്ടമാവും.