കൊളംബോ: ക്രിക്കറ്റില്‍ വ്യത്യസ്തമായ ബൗളിംഗ് ആക്ഷനുകള്‍ കൊണ്ട് ശ്രദ്ധേയരയാവരാണ് ലസിത് മലിംഗയും പോള്‍ ആഡംസുമെല്ലാം. എന്നാല്‍ ടി10 ലീഗില്‍ ശ്രീലങ്കയുടെ യുവ ലെഗ് സ്പിന്നര്‍ കെവിന്‍ കോത്തിഗോഡയുടെ ബൗളിംഗ് ആക്ഷന്‍ കണ്ടാല്‍ ആരും അമ്പരന്ന് പോകും. ഒരു പന്തെറിയാന്‍ ഇങ്ങനെയൊക്കെ തലകുത്തി നിക്കണോ എന്ന് അറിയാതെ ചോദിച്ചും പോകും.

അബുദാബിയില്‍ നടന്ന ബംഗ്ലാ ടൈഗേഴ്സും ഡെക്കാന്‍ ഗ്ലാഡിയേറ്റേഴ്സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു കെവിന്‍ കോത്തിഗോഡ വ്യത്യസ്ത ബൗളിംഗ് ആക്ഷന്‍ കൊണ്ട് ആരാധകരെ അമ്പരപ്പിച്ചത്. ബൗളിംഗ് ആക്ഷന്‍ വ്യത്യസ്തമായിരുന്നെങ്കിലും രണ്ടോവറില്‍ കോത്തിഗോഡ 22 റണ്‍സ് വഴങ്ങി. ഓസീസ് താരം ഷെയ്ന്‍ വാട്സണെ ഏതാനും തവണ ബീറ്റ് ചെയ്തെങ്കിലും രണ്ട് തവണ വാട്സണ്‍ കോത്തിഗോഡയെ സിക്സറിന് പറത്തി.

ആദ്യം ബാറ്റ് ചെയ്ത ടൈഗേഴ്സ് 10 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സെടുത്തപ്പോള്‍ ഒറു പന്ത് ബാക്കി നിര്‍ത്തി ഗ്ലാഡിയേറ്റേഴ്സ് ജയിച്ചുകയറി. 2017ല്‍ നടന്ന അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ശ്രീലങ്കക്കായി കളിച്ചിട്ടുള്ള കോത്തിഗോഡ അന്നും വ്യത്യസ്തമായ ബൗളിംഗ് ആക്ഷന്‍ കൊണ്ട് ആരാധകരെ ഞെട്ടിച്ചിരുന്നു.