പൂനെ: പരിക്കിനെ തുടര്‍ന്ന് ശ്രീലങ്കന്‍ സ്റ്റാര്‍ പേസര്‍ ഇസുരു ഉഡാനയ്ക്ക് ഇന്ത്യക്കെതിരായ മൂന്നാം ടി20യും നഷ്ടമാവും. നേരത്തെ രണ്ടാം ടി20യില്‍ താരത്തെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പരിക്കിനെ തുടര്‍ന്ന് ഫീല്‍ഡ് പന്തെറിയാനെത്തിയില്ല. എന്നാല്‍ ബാറ്റിങ്ങിന് ഇറങ്ങിയിരുന്നു. വെള്ളിയാഴ്ച നടക്കുന്ന അവസാന ടി20 ജയിച്ച് പരമ്പര സമനിലയാക്കാന്‍ ഒരുങ്ങുന്ന ലങ്കയെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണിത്. കഴിഞ്ഞ മത്സരത്തില്‍ ഉഡാന ഇല്ലാത്തത്ത കനത്ത തിരിച്ചടിയായെന്ന് ല്ങ്കന്‍ ക്യാപ്റ്റന്‍ ലസിത് മലിംഗ സമ്മതിച്ചിരുന്നു.

ലങ്കയുടെ ബാറ്റിങ്ങിന് ശേഷം പന്തെറിയുന്നതിന് മുന്നോടിയായി വ്യായാമം ചെയ്യുന്നതിനിടെ താരത്തിന് പരിക്കേല്‍ക്കുകയായിരുന്നു. പുറം ഭാഗത്താണ് പരിക്ക്. തുടര്‍ന്ന് ഒരോവര്‍ പോലും എറിയാതെ താരം പിന്മാറി. പരിക്ക് പൂര്‍ണമായും ഭേദമാവാതെ കളിപ്പിക്കേണ്ടെന്നാണ് കോച്ച് മിക്കി ആര്‍തറുടെ അഭിപ്രായം.

വരും മാസങ്ങളില്‍ കൂടുതല്‍ മത്സരം കളിക്കേണ്ടതിനാല്‍ താരത്തെ ഉടന്‍ കളിപ്പിക്കേണ്ടെന്ന് ആര്‍തര്‍ വ്യക്തമാക്കി. ടി20 ക്രിക്കറ്റില്‍ അടുത്തകാലത്ത് ശ്രീലങ്കയ്ക്ക് ലഭിച്ച മികവുറ്റ ബൗളറാണ് ഉഡാന. നേരത്തെ ഐപിഎല്‍ ലേലത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരത്തെ സ്വന്തമാക്കിയിരുന്നു.