കൊളംബോ: ശ്രീലങ്കയ്‌ക്ക് എതിരെ രണ്ടാം ഏകദിനത്തില്‍ തുടക്കത്തിലെ തകര്‍ച്ചയ്‌ക്ക് ശേഷം മുഷ്‌ഫീഖുര്‍ റഹീമിന്‍റെ ഒറ്റയാള്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിന്‍റെ തിരിച്ചുവരവ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറില്‍ എട്ട് വിക്കറ്റിന് 238 റണ്‍സെടുത്തു. 88 റണ്‍സിന് അഞ്ച് വിക്കറ്റ് നഷ്ടമായശേഷം പൊരുതിയ മുഷ്‌ഫീഖുര്‍ പുറത്താകാതെ 98 റണ്‍സെടുത്തു. 

രണ്ട് വിക്കറ്റ് വീതം വീ‌ഴ്‌ത്തിയ നുവാന്‍ പ്രദീപും ഇസുരു ഉഡാനയും അഖില ധനഞ്ജയുമാണ് ബംഗ്ലാദേശിനെ വിറപ്പിച്ചത്. തമീം ഇഖ്‌ബാല്‍(19), സൗമ്യ സര്‍ക്കാര്‍(11), മുഹമ്മദ് മിഥുന്‍(12), മഹമ്മുദുള്ള(6) സാബിര്‍ റഹ്‌മാന്‍(11), മൊസദേക് ഹൊസൈന്‍(13), മെഹിദി ഹസന്‍(43), തൈജുല്‍ ഇസ്ലാം(3) എന്നിവരാണ് പുറത്തായത്. മുഷ്‌ഫീഖുറിനൊപ്പം മുസ്‌താഫിസുര്‍ റഹ്മാന്‍(2) പുറത്താകാതെ നിന്നു.

ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ തമീം ഇഖ്ബാല്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ന് ജയിച്ചാല്‍ ശ്രീലങ്കയ്ക്ക് പരമ്പര സ്വന്തമാക്കാം. ആദ്യമത്സരം ശ്രീലങ്ക വിജയിച്ചിരുന്നു.