കൊളംബൊ: ക്രിക്കറ്റ് കരിയറിലെ അവസാന ഏകദിനം അവിസ്മരണീയമാക്കി ശ്രീലങ്കയുടെ ഇതിഹാസതാരം ലസിത് മലിംഗ. താരത്തിന്റെ മൂന്ന് വിക്കറ്റ് പ്രകടനത്തില്‍ ശ്രീലങ്ക 91 റണ്‍സിന് ബംഗ്ലാദേശിനെ തകര്‍ത്തു. ഇതോടെ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ ശ്രീലങ്ക മുന്നിലെത്തി. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശ് 223 റണ്‍സിന് ബാറ്റ് താഴ്ത്തി. മലിംഗ 9.4 ഓവറില്‍ 38 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റ് വീഴ്ത്തി. 

മുശ്ഫിഖുര്‍ റഹീം (67), സാബിര്‍ റഹ്മാന്‍ (60) എന്നിവര്‍ മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ അല്‍പമെങ്കിലും പിടിച്ചുനിന്നത്. തമീം ഇഖ്ബാല്‍ (0), സൗമ്യ സര്‍ക്കാര്‍ (15), മുഹമ്മദ് മിഥുന്‍ (10), മഹ്മുദുള്ള (3), മൊസദെക് ഹൊസൈന്‍ (12), മെഹ്ദി ഹസന്‍ (2), ഷഫിയുല്‍ ഉസ്ലാം (2), മുസ്തഫിസുര്‍ റഹ്മാന്‍ (18), റുബെല്‍ ഹുസൈന്‍ ( പുറത്താവാതെ 6) എന്നിങ്ങനെയാണ് മറ്റുള്ള താരങ്ങളുടെ സ്‌കോറുകള്‍. മലിംഗയ്ക്ക് പുറമെ നുവാന്‍ പ്രദീപും മൂന്ന് വിക്കറ്റ് വീഴ്ത്തി. 

നേരത്തെ കുശാല്‍ പെരരേയുടെ (111) സെഞ്ചുറിയാണ് ശ്രീലങ്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. എയ്ഞ്ചലോ മാത്യൂസ് (48), കുശാല്‍ മെന്‍ഡിസ് (43) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ബംഗ്ലാദേശിനായി ഷഫിയുല്‍ ഉസ്ലാം മൂന്നും മുസ്തഫിസുര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.