പുണെ: ഇന്ത്യക്കെതിരായ ടി20 ടി20 പരമ്പര കൈവിട്ടതിന് കാരണക്കാരന്‍ താന്‍തന്നെ എന്ന് ലങ്കന്‍ നായകന്‍ ലസിത് മലിംഗ. മൂന്ന് ടി20കളുടെ പരമ്പരയിലെ ആദ്യ മത്സരം മഴമുടക്കിയപ്പോള്‍ അവസാന രണ്ട് കളികളും ജയിച്ച് ഇന്ത്യ 2-0ന് പരമ്പര സ്വന്തമാക്കുകയായിരുന്നു.

'പരമ്പര ഞങ്ങള്‍ 2-0ന് തോറ്റു. ഞാന്‍ മികച്ച പ്രകടനം പുറത്തെടുക്കണമായിരുന്നു. കാരണം ടി20യില്‍ ടീമിലെ ഏറ്റവും പരിചയസമ്പന്നനായ താരമാണ് ഞാന്‍. എന്നാല്‍ ഒരു വിക്കറ്റുപോലും പരമ്പരയില്‍ നേടാനായില്ല. അതുകൊണ്ടാണ് ടീം ഈ ദയനീയ സ്ഥിതിയിലായത്. വിക്കറ്റ് നേടാന്‍ തനിക്ക് സമ്മര്‍ദമുണ്ടായിരുന്നു. പവര്‍പ്ലേയില്‍ ഒന്നുരണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തണമായിരുന്നു. എന്നാല്‍ അതിന് കഴിഞ്ഞില്ലെന്നും' മലിംഗ പറഞ്ഞു. 

ഇന്‍ഡോറിലും പുണെയിലും നാല് ഓവര്‍ വീതമെറിഞ്ഞ മലിംഗ ആകെ 81 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ വിക്കറ്റിലാതെയാണ് മടങ്ങിയത്. ലങ്കക്കായി 82 ടി20കള്‍ കളിച്ച പരിചയമുണ്ട് മലിംഗയ്‌ക്ക്. 

'ബാറ്റിംഗില്‍ ടോപ് ഓഡറിന്‍റെ വീഴ്‌ച്ചയും തിരിച്ചടിയായെന്ന് മലിംഗ കൂട്ടിച്ചേര്‍ത്തു. ടോപ് ഓഡര്‍ പ്രധാനപ്പെട്ടതാണ്. ഇന്ത്യന്‍ മുന്‍നിര ബാറ്റ്സ്‌മാന്‍മാര്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കി. ടി20യില്‍ കൂട്ടുകെട്ടുകള്‍ നിര്‍ണായകമാണ്. കാരണം, 20 ഓവര്‍ മാത്രമേയുള്ളൂ. എല്ലാ ബോളും ഹിറ്റ് ചെയ്യണം മികച്ച ഇന്നിംഗ്‌സുകള്‍ കെട്ടിപ്പടുക്കാന്‍ യുവ താരങ്ങള്‍ പഠിക്കണം. കുമാര്‍ സംഗക്കാര, മഹേള ജയവര്‍ധന, തിലരത്‌നെ ദില്‍ഷന്‍ തുടങ്ങിയ താരങ്ങള്‍ക്ക് അതറിയാമായിരുന്നു' എന്നും ലങ്കന്‍ നായകന്‍ പറഞ്ഞു.