ഏഴരയ്ക്ക് തുടങ്ങേണ്ട ട്വന്റി 20 മത്സരങ്ങള്‍ എട്ട് മണിയിലേക്കു മാറ്റിയിട്ടുണ്ട്. ബിസിസിഐയും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും സംയുക്തമായാണ് തീരുമാനം എടുത്തത്. 

കൊളംബൊ: ഇന്ത്യ- ശ്രീലങ്ക ഏകദിന ട്വന്റി 20 പരമ്പരയുടെ സമയക്രമത്തില്‍ മാറ്റം. ഉച്ചയ്ക്ക് ഒന്നരയ്ക്ക് തുടങ്ങേണ്ടിയിരുന്ന ഏകദിനം മൂന്ന് മണിക്കാണ് തുടങ്ങുക. ഏഴരയ്ക്ക് തുടങ്ങേണ്ട ട്വന്റി 20 മത്സരങ്ങള്‍ എട്ട് മണിയിലേക്കു മാറ്റിയിട്ടുണ്ട്. ബിസിസിഐയും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും സംയുക്തമായാണ് തീരുമാനം എടുത്തത്. 

ഇന്ന് തുടങ്ങേണ്ടിയിരുന്ന പരമ്പര ശ്രീലങ്കന്‍ താരങ്ങള്‍ കൊവിഡ് ബാധിതരായതിനാല്‍ ഈമാസം പതിനെട്ടിലേക്ക് നീട്ടിവച്ചിട്ടുണ്ട്. മൂന്ന് ഏകദിനവും മൂന്ന് ട്വന്റി 20യുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. അതേസമയം, കൊവിഡ് ബാധിതനായ ലങ്കയുടെ ബാറ്റിംഗ് കോച്ച് ഗ്രാന്റ് ഫ്‌ളവറിന് പകരം താല്‍ക്കാലിക കോച്ചായി ധമിക സുദര്‍ശനയെ നിയമിച്ചിട്ടുണ്ട്. ശ്രീലങ്കയുടെ അണ്ടര്‍ 19 ടീമിന്റെ മുഖ്യ പരിശീലകനാണ് ധമിക.

നേരത്തെ ശ്രീലങ്കന്‍ വെറ്ററന്‍ താരം എയ്ഞ്ചലോ മാത്യൂസ് പരമ്പരയില്‍ നിന്ന് പിന്മാറിയിരുന്നു. കരാര്‍ വ്യവസ്ഥകളിലെ പൊരുത്തമില്ലായ്മയാണ് പിന്മാറ്റത്തിന് കാരണമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.