Asianet News MalayalamAsianet News Malayalam

ഐപിഎല്‍ നടത്താന്‍ സന്നദ്ധത അറിയിച്ച് ഏഷ്യന്‍ രാജ്യം; എല്ലാ കണ്ണുകളും ബിസിസിഐയില്‍

രാജ്യത്തെ ആരോഗ്യ, സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തിയശേഷം ഐപിഎല്‍ എപ്പോള്‍ നടത്തുമെന്ന് പ്രഖ്യാപിക്കുമെന്നാണ് ബിസിസിഐ അറിയിച്ചത്. ഫ്രാഞ്ചൈസി ഉടമകള്‍, ബ്രോഡ്കാസ്റ്റേഴ്സ്, സ്പോണ്‍സര്‍മാര്‍, ഒഹരി ഉടമകള്‍ എന്നിവരെയും ഇക്കാര്യം ബിസിസിഐ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

srilanka offer to host IPL
Author
Colombo, First Published Apr 17, 2020, 11:22 AM IST

കൊളംബോ:  കൊവിഡ് മൂലം പ്രതിസന്ധിയിലായ ഇത്തവണ ഐപിഎല്‍ നടത്താന്‍ സന്നദ്ധത അറിയിച്ച് ശ്രീലങ്ക. കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ടൂര്‍ണമെന്റ് തല്‍ക്കാലത്തേക്ക് ഉപേക്ഷിക്കാനുള്ള ബിസിസിഐ തീരുമാനം വന്നതിന് പിന്നാലെയാണ് ഐപിഎല്‍ നടത്താന്‍ തയാറാണെന്ന് ശ്രീലങ്ക അറിയിച്ചിരിക്കുന്നത്.

ഇന്ത്യക്ക് മുമ്പ് ശ്രീലങ്ക കൊവിഡ് മുക്തമാകുമെന്ന് ഉറപ്പാണെന്ന് ശ്രീലങ്ക ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ്  ഷമ്മി സില്‍വ കൊളംബോയില്‍ റോയിറ്റേഴ്സിനോട് പറഞ്ഞു. അങ്ങനെയാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെങ്കില്‍ ഐപിഎല്‍ ഇവിടെ നടത്താവുന്നതാണ്. ഇക്കാര്യം വ്യക്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് കത്ത് എഴുതുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ആരോഗ്യ, സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തിയശേഷം ഐപിഎല്‍ എപ്പോള്‍ നടത്തുമെന്ന് പ്രഖ്യാപിക്കുമെന്നാണ് ബിസിസിഐ അറിയിച്ചത്. ഫ്രാഞ്ചൈസി ഉടമകള്‍, ബ്രോഡ്കാസ്റ്റേഴ്സ്, സ്പോണ്‍സര്‍മാര്‍, ഒഹരി ഉടമകള്‍ എന്നിവരെയും ഇക്കാര്യം ബിസിസിഐ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

രാജ്യത്തെ സ്ഥിതിഗതികള്‍ വിലിയരുത്തുന്നത് തുടരുമെന്നും ഇതിനുശേഷം എപ്പോഴത്തേക്ക് ഐപിഎല്‍ സാധ്യമാവുമെന്ന് പ്രഖ്യാപിക്കുമെന്നും ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് മുമ്പ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് നിര്‍ദേശങ്ങള്‍ തേടും. മാര്‍ച്ച് 29ന് തുടങ്ങി മെയ് 24നായിരുന്നു ഐപിഎല്‍ പതിമൂന്നാം സീസണ്‍.

എന്നാല്‍ കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ആദ്യം ഏപ്രില്‍ 15 വരെ ഐപിഎല്‍ നീട്ടിവെക്കുകയായിരുന്നു. ലോക്ക് ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയ പശ്ചാത്തലത്തിലാണ് ഐപിഎല്‍ തല്‍ക്കാലത്തേക്ക് ഉപേക്ഷിക്കാന്‍ ബിസിസിഐ തീരുമാനിച്ചത്.

Follow Us:
Download App:
  • android
  • ios