മെല്‍ബണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവസാന ഏകദിന മത്സരത്തിനുള്ള ഓസ്‌ട്രേലിയന്‍ ടീമില്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് കളിക്കില്ല. ഓസ്‌ട്രേലിയ- ഇന്ത്യ വനിത ടി20 ലോകകപ്പ് ഫൈനല്‍ കാണാന്‍ പോവേണ്ടതിനാലാണ് സ്റ്റാര്‍ക്ക് ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. സ്റ്റാര്‍ക്കിന്റെ ഭാര്യ അലിസ ഹീലി ഓസീസ് ടീമിന്റെ ഓപ്പണറാണ്. ഭാര്യയുടെ മത്സരം കാണാനും ഓസീസ് ടീമിനെ പ്രോത്സാഹിപ്പിക്കാനുമാണ് സ്റ്റാര്‍ക്ക് മത്സരം നടക്കുന്ന മെല്‍ബണിലെത്തുന്നത്.

സ്റ്റാര്‍ക്കിനെ നാട്ടിലേക്ക് അയക്കുന്നതില്‍ ഒരു ബുദ്ധിമുട്ടൊന്നുമില്ലെന്ന് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ വ്യക്തമാക്കി. ലാംഗര്‍ തുടര്‍ന്നു... ''ലോകകപ്പ് ഫൈനലില്‍ ഭാര്യ കളിക്കുന്നത് നേരില്‍ കാണുകയെന്നത് സ്റ്റാര്‍ക്കിന്റെ ജീവതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അവസരമാണ്. അദ്ദേഹത്തെ നാട്ടിലേക്ക് അയക്കുന്നതില്‍ സന്തോഷം മാത്രമാണുള്ളത്. അലീസയെ പ്രോത്സാഹിപ്പിക്കാനും മനോഹര നിമിഷത്തിന്റെ ഭാഗമാകാനും സാധിക്കട്ടെ.

മാത്രമല്ല ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്ക് മുമ്പ് വിശ്രമമെടുക്കാനും സ്റ്റാര്‍ക്കിന് സാധിക്കും. സ്റ്റാര്‍ക്കിന്റെ അഭാവം മറ്റൊരു താരത്തിന് വഴി തുറക്കും. ജോഷ് ഹേസല്‍വുഡ്, ജേ റിച്ചാര്‍ഡ്‌സണ്‍, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ എന്നിവര്‍ ടീമിലുണ്ട്. ഇവരില്‍ ഏതെങ്കിലുമൊരു താരം ടീമിലെത്തും.'' ലാംഗര്‍ പറഞ്ഞുനിര്‍ത്തി.

മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പര ദക്ഷിണാഫ്രിക്ക് സ്വന്തമാക്കിയിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും ആതിഥേയര്‍ ജയിക്കുകയായിരുന്നു. നാളെയാണ് അവസാന ഏകദിനം.