ധോണി തന്നെ ചെന്നൈയെ ഇത്തവണയും നയിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ക്യാപ്റ്റന്‍മാരുടെ ഫോട്ടോ ഷൂട്ടിന് മുമ്പ് അപ്രതീക്ഷിതമായി തീരുമാനം പ്രഖ്യാപിച്ചത്.
ചെന്നൈ: നായകസ്ഥാനത്തു നിന്ന് എം എസ് ധോണി മാറി നില്‍ക്കാന്‍ തീരുമാനിച്ച കാര്യം അറിയുന്നത് ചെന്നൈയില്‍ നടന്ന ഐപിഎല്‍ ക്യാപ്റ്റന്‍മാരുടെ ഫോട്ടോ ഷൂട്ടിന് തൊട്ടു മുമ്പെന്ന് വെളിപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒ കാശി വിശ്വനാഥന്‍.ധോണി എന്ത് ചെയ്താലും അത് ടീമിന്‍റെ താല്‍പര്യം മുന്‍നിര്‍ത്തിയാകുമെന്നും അതുകൊണ്ട് അദ്ദേഹത്തിന്‍റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും കാശി വിശ്വനാഥന്‍ പറഞ്ഞു. എം എസ് ധോണി സീസൺ മുഴുവൻ ചെന്നൈ കുപ്പായത്തില്‍ കളിക്കുമെന്നാണ് ടീമിന്‍റെ പ്രതീക്ഷയെന്ന് പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിംഗും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നായകപദവി ഒഴിയാനുള്ള തീരുമാനം ധോണിയുടെ മാത്രമാണ്. ടീമിന്‍റെ ഭാവി കൂടി കണക്കിലെടുത്താണ് അദ്ദേഹം ആ തീരുമാനത്തിലെത്തിയത്. ധോണിയുടെ തീരുമാനത്തിന്‍റെ ടൈമിംഗ് കൃത്യമായിരുന്നുവെന്നും ഫ്ലെമിംഗ് പറഞ്ഞു. കഴിഞ്ഞ സീസണില്‍ ചെന്നൈ ഐപിഎല്‍ കിരീടം നേടിയപ്പോള്‍ ധോണി വിരമിക്കുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നതെങ്കിലും ആരാധകരുടെ സ്നേഹം കണക്കിലെടുത്ത് അടുത്ത സീസണിലും കളിക്കുമെന്ന് ധോണി പറഞ്ഞിരുന്നു.
കാല്‍മുട്ടിനേറ്റ പരിക്കിന് ശസ്ത്രക്രിയക്ക് വിധേയനായ ധോണി ഇത്തവണ പൂര്‍ണ കായികക്ഷമതയോടെ ചെന്നൈയെ നയിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ക്യാപ്റ്റന്‍മാരുടെ ഫോട്ടോ ഷൂട്ടിന് മുമ്പ് ധോണി അപ്രതീക്ഷിതമായി തീരുമാനം പ്രഖ്യാപിച്ചത്. 2014 ഡിസംബര്‍ 30ന് ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്ക് ശേഷം ടെസ്റ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചതും 2019ലെ ഏകദിന ലോകകപ്പ് തോല്‍വിക്കുശേഷവും ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിക്കാതെ സസ്പെന്‍സ് കാത്ത ധോണി ഒടുവില്‍ 2020 ഓഗസ്റ്റ് 15ന് അപ്രതീക്ഷിതമായി ട്വീറ്റിലൂടെ വിരമിക്കല്‍ പ്രഖ്യാപിച്ചതും സമാനമായിരുന്നു.
2022ലെ ഐപിഎല്‍ സീസണിന്‍റെ തുടക്കത്തില്‍ രവീന്ദ്ര ജഡേജക്ക് ക്യാപ്റ്റന്‍സി കൈമാറാനുള്ള തീരുമാനവും ഇതുപോലെ ആരാധകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു ധോണി പുറത്തുവിട്ടത്. പീന്നീട് സീസണിടയില്‍ വെച്ച് ചെന്നൈയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് ധോണി തിരിച്ചെത്തിയതും ഇതുപോലെ മറ്റൊരു സര്‍പ്രൈസ് ആയിരുന്നു. ഇപ്പോള്‍ ടീം മാനേജ്മെന്‍റിന് പോലും സൂചന നല്‍കാതെ ഐപിഎലില്‍ ആദ്യ പന്തെറിയുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് മറ്റൊരു അപ്രതീക്ഷിത തീരുമാനത്തിലൂടെ ധോണി വീണ്ടും ആരാധകരെ ഞെട്ടിക്കുകയും ചെയ്തു.
