ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ താൻ ഔട്ടായിരുന്നുവെന്ന് സ്റ്റീവ് സ്മിത്ത് സമ്മതിച്ചു. എബാദത്ത് ഹുസൈന്റെ പന്തിൽ ബാറ്റിൽ ഉരസിയതായി തോന്നിയിരുന്നെങ്കിലും, റിയൽ ടൈം സ്നിക്കോയിൽ തെളിവില്ലാത്തതിനാൽ അമ്പയറുടെ തീരുമാനം നിലനിൽക്കുകയായിരുന്നു.

ഡാര്‍വിന്‍: ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ഭാഗ്യം കൊണ്ട് മാത്രം പുറത്താകാതെ രക്ഷപ്പെട്ട് സ്റ്റീവ് സ്മിത്ത്. ഡാര്‍വിനിലെ മര്‍റാര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന്റെ ആദ്യ ദിനത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. എബാദത്ത് ഹുസൈന്റെ പന്തില്‍ താന്‍ പന്ത് എഡ്ജ് ചെയ്തിരുന്നെങ്കിലും അംപയര്‍ ഔട്ട് വിളിച്ചിരുന്നില്ല. എന്നാല്‍ സ്മിത്ത് മത്സരശേഷം പന്ത് ബാറ്റിലുരസിയെന്ന് സമ്മതിക്കുകയും ചെയ്തു.

മത്സരത്തിന്റെ 21-ാം ഓവറിലായിരുന്നു സംഭവം. സ്മിത്ത് ഏഴ് റണ്‍സില്‍ നില്‍ക്കെ, എബാദോത്ത് എറിഞ്ഞ പന്തില്‍ വിക്കറ്റ് കീപ്പര്‍ ലിറ്റണ്‍ ദാസിന് ക്യാച്ച് നല്‍കി ബംഗ്ലാദേശ് താരങ്ങള്‍ അപ്പീല്‍ ചെയ്‌തെങ്കിലും അമ്പയര്‍ കുമാര്‍ ധര്‍മ്മസേന ഔട്ട് അനുവദിച്ചില്ല. താന്‍ ഔട്ടാണെന്ന് ഉറപ്പിച്ച സ്മിത്ത് പവലിയനിലേക്ക് നടക്കാന്‍ തുടങ്ങിയിരുന്നു. അംപയര്‍ ഔട്ട് വിളിക്കാതിരുന്നതോടെ സ്മിത്ത് കാത്തിരുന്നു. എന്നാല്‍ ബംഗ്ലാദേശ് റിവ്യൂ എടുക്കുകയായിരുന്നു. റിയല്‍ ടൈം സ്‌നികോയില്‍ പന്ത് ബാറ്റില്‍ ഉരസിയതിന്റെ ശബ്ദമോ സ്പൈക്കോ കാണിക്കാതിരുന്നതിനെ തുടര്‍ന്ന് അമ്പയറുടെ തീരുമാനം 'നോട്ട് ഔട്ട്' ആയി തുടരുകയായിരുന്നു. ഇതിലൂടെ ബംഗ്ലാദേശിന് റിവ്യൂ നഷ്ടമായി.

Scroll to load tweet…

മത്സരത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ പന്ത് ബാറ്റിലുരസിയെന്ന് സ്മിത്ത് വ്യക്തമാക്കുകയുണ്ടായി. ഭാഗ്യം ലഭിച്ചോ എന്ന ചോദ്യത്തിന് സ്മിത്തിന്റെ മറുപടി. 'അതെ, അങ്ങനെയാണ് തോന്നുന്നത്. ചിലപ്പോള്‍ നമുക്ക് അത്തരം ഭാഗ്യങ്ങളും ആവശ്യമാണ്. സാധാരണയായി സാങ്കേതികവിദ്യ വളരെ കൃത്യമാണ്. ഒരുപക്ഷേ ഞാന്‍ എഡ്ജ് ചെയ്തിട്ടുണ്ടാകില്ല, എനിക്കറിയില്ല, പക്ഷേ എന്തോ തടസ്സപ്പെട്ടതായി എനിക്ക് തീര്‍ച്ചയായും തോന്നിയിരുന്നു. അമ്പയര്‍ ഔട്ട് വിളിച്ചിരുന്നെങ്കില്‍ ഞാന്‍ പവലിയനിലേക്ക് നടക്കുമായിരുന്നു. ഏതായാലും ഇന്ന് സാങ്കേതികവിദ്യയാണ് എന്നെ രക്ഷിച്ചത്.'' സ്മിത്ത് പറഞ്ഞു.

ഈ ജീവന്‍ കിട്ടിയതിന്റെ ആനുകൂല്യത്തില്‍ സ്മിത്ത് പിന്നീട് അര്‍ധസെഞ്ച്വറി നേടി ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍ (71 റണ്‍സ്) ആയി മാറി. ഇതിന് മുമ്പും സ്മിത്തിന് മത്സരത്തില്‍ ഭാഗ്യത്തിന്റെ പിന്തുണ ലഭിച്ചിരുന്നു. സ്മിത്ത് രണ്ട് റണ്‍സില്‍ നില്‍ക്കെ എബാദത്തിന്റെ പന്തില്‍ തേര്‍ഡ് സ്ലിപ്പില്‍ തന്‍സിദ് ഹസന്‍ തമിം അദ്ദേഹത്തിന്റെ ക്യാച്ച് കൈവിട്ടിരുന്നു. ഒടുവില്‍ 109 പന്തില്‍ നിന്ന് 7 റണ്‍സെടുത്ത സ്മിത്തിനെ ഹസന്‍ മഹ്മൂദാണ് പുറത്താക്കിയത്.

ഹസന്‍ മഹ്മൂദ് കരിയറിലെ മികച്ച പ്രകടനത്തിലൂടെ 6 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഓസ്‌ട്രേലിയ ആദ്യ ഇന്നിങ്‌സില്‍ 198 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സ് എന്ന നിലയിലാണ്.

YouTube video player