പ്രായമല്ല, പ്രകടനമാണ് ടീം സെലക്ഷന്റെ മാനദണ്ഡമെന്ന് ഹര്‍ഭജന്‍ സിംഗ്. ഫിറ്റ്നസും ഫോമുമുണ്ടെങ്കില്‍ വിരാട് കോലിയും രോഹിത് ശര്‍മയും 2027 ഏകദിന ലോകകപ്പ് കളിക്കണമെന്നും, ലയണല്‍ മെസിയെ ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ദില്ലി: പ്രായമല്ല, പ്രകടനമാണ് ടീം സെലക്ഷനുള്ള മാനദണ്ഡമാകേണ്ടതെന്ന് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. ശാരീരികക്ഷമതയും ഫോമും നിലനിര്‍ത്തുകയാണെങ്കില്‍ വിരാട് കോലിയും രോഹിത് ശര്‍മയും 2027 ഏകദിന ലോകകപ്പ് ടീമില്‍ തുടരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അടുത്തവര്‍ഷം ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പ് എത്തുമ്പോഴേക്കും രോഹിത്തിന് 40 വയസും വിരാട് കോലിക്ക് 39 വയസുമാകും. എങ്കിലും പ്രായം ഒരിക്കലും ഒരു തടസമാകരുതെന്നാണ് ഹര്‍ഭജന്റെ പക്ഷം.

അര്‍ജന്റീനയെ കഴിഞ്ഞ ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലിലേക്ക് നയിക്കുമ്പോള്‍ ലയണല്‍ മെസിക്ക് 39 വയസ്സ് പ്രായമുണ്ടായിരുന്നു എന്ന് ഹര്‍ഭജന്‍ ചൂണ്ടിക്കാട്ടി. മികച്ച പ്രകടനത്തിലൂടെ കളിയില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ മെസിക്ക് കഴിഞ്ഞിരുന്നു... ''ആരായാലും ശരി, സെലക്ഷനുള്ള മാനദണ്ഡം പ്രായമല്ല, പ്രകടനമായിരിക്കണം. വിരാട് കോലിക്ക് 39 വയസ്സായേക്കാം, പക്ഷേ കളിക്കളത്തില്‍ കോലി ഇപ്പോഴും 20 വയസുള്ള യുവതാരങ്ങളെ ഓടിച്ചു തോല്‍പ്പിക്കുന്നുണ്ടെങ്കില്‍ പിന്നെ പ്രായം ഒരു വിഷയമേയല്ല. മെസ്സിയെ നോക്കൂ. 39-ാം വയസിലും അഞ്ച് പേര്‍ വിചാരിച്ചാലും അദ്ദേഹത്തെ തടയാനാവില്ല. അത്രയധികം ഫിറ്റ്നസും കഴിവും ഒരു കളിക്കാരനുണ്ടെങ്കില്‍ അവിടെ കഴിവ് തന്നെയാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്.'' ഹര്‍ഭജന്‍ വ്യക്തമാക്കി.

ശ്രേയസ് അയ്യര്‍, യശസ്വി ജയ്‌സ്വാള്‍ തുടങ്ങിയ യുവതാരങ്ങളുടെ ഫിറ്റ്നസിനൊപ്പം പിടിച്ചുനില്‍ക്കാനും റണ്‍സ് നേടാനും രോഹിത്തിനും കോലിക്കും സാധിച്ചാല്‍ മറ്റൊന്നും നോക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2027 ലോകകപ്പിനായുള്ള ടീമിനെ വാര്‍ത്തെടുക്കുമ്പോള്‍ ഇന്ത്യന്‍ ഹെഡ് കോച്ച് ഗൗതം ഗംഭീര്‍ രോഹിത്തിന്റെയും കോലിയുടെയും പരിചയസമ്പത്തിനെ പൂര്‍ണമായി വിശ്വസിക്കണമെന്ന് ഹര്‍ഭജന്‍ പിന്തുണച്ചു. ''ഞാനാണ് കോച്ചെങ്കില്‍, വൈഭവ് സൂര്യവംശിയേക്കാള്‍ കൂടുതല്‍ പ്രതീക്ഷകള്‍ രോഹിത്തിലും കോലിയുമാണ് എനിക്ക് ഉണ്ടാകുക. അവര്‍ക്ക് പരിചയസമ്പത്തുണ്ട്. സൂര്യവംശിക്ക് ഇല്ലാത്ത 300-ഓളം മത്സരങ്ങളുടെ അനുഭവം അവര്‍ക്കുണ്ട്. സൂര്യവംശിക്ക് വേണമെങ്കില്‍ ക്രീസിലെത്തി പന്തുകള്‍ അടിച്ചുപറത്താം, എന്നാല്‍ വിരാടിനും രോഹിത്തിനുമുള്ളത് വലിയ അനുഭവസമ്പത്താണ്.'' ഹര്‍ഭജന്‍ പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഫിറ്റ്നസ് സംസ്‌കാരവും വിജയമനോഭാവവും കൊണ്ടുവന്നതില്‍ വിരാട് കോലിക്ക് 90 ശതമാനം ക്രെഡിറ്റും നല്‍കി ഹര്‍ഭജന്‍ അദ്ദേഹത്തെ പ്രശംസിച്ചു. 2014-15 കാലഘട്ടത്തില്‍ നായകനായ ശേഷമാണ് ഇന്ത്യന്‍ ടീമിന്റെ സമീപനത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായതെന്ന് അദ്ദേഹം ഓര്‍മിച്ചു.

YouTube video player