സിഡ്‌നി: മൂന്ന് വര്‍ഷത്തിലധികം നീണ്ട ഇടവേളയ്‌ക്ക് ശേഷം മുന്‍ നായകന്‍ സ്റ്റീവ് സ്‌മിത്തും പന്ത് ചുരണ്ടല്‍ വിലക്കിന് ശേഷം ഓപ്പണര്‍ ഡേവിഡ് വാര്‍ണറും ഓസീസ് ടി20 ടീമില്‍ തിരിച്ചെത്തി. ശ്രീലങ്കയ്‌ക്കും പാകിസ്ഥാനും എതിരായ ഹോം സീരിസിനുള്ള സ്‌ക്വാഡിലാണ് ഇരുവരെയും ഉള്‍പ്പെടുത്തിയത്. അടുത്ത വര്‍ഷം സ്വന്തം മണ്ണില്‍ നടക്കുന്ന ലോകകപ്പ് കൂടി മുന്‍നിര്‍ത്തിയാണ് ഇരുവരുടെയും തിരിച്ചുവിളിച്ചത്. 

സ്‌മിത്തിന്‍റെയും വാര്‍ണറുടെയും തിരിച്ചുവരവിനെ മുഖ്യ സെലക്‌ടര്‍ ട്രെവര്‍ ഹോണ്‍സ് സ്വാഗതം ചെയ്തു. സ്റ്റീവ് എല്ലാ ഫോര്‍മാറ്റിലും ലോകോത്തര ബാറ്റ്സ്‌മാനാണ്. വാര്‍ണര്‍ ഓസ്‌ട്രേലിയയുടെ ഉയര്‍ന്ന ടി20 റണ്‍വേട്ടക്കാരനുമാണ് എന്ന് ടീം പ്രഖ്യാപനവേളയില്‍ ഹോണ്‍സ് വ്യക്തമാക്കി. 2016 മാര്‍ച്ചിന് ശേഷം ആദ്യമായാണ് സ്റ്റീവ് സ്‌മിത്തിന് ടി20 കളിക്കാന്‍ അവസരമൊരുങ്ങുന്നത്.

പന്ത് ചുരണ്ടല്‍ വിവാദത്തിലെ ഒരു വര്‍ഷം വിലക്കിന് ശേഷം അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ തിരിച്ചെത്തിയ ഇരുവരും മികവ് കാട്ടിയിരുന്നു. ആഷസില്‍ നാല് ടെസ്റ്റില്‍ നിന്ന് സ്‌മിത്ത് 774 റണ്‍സടിച്ചപ്പോള്‍ ഐപിഎല്ലില്‍ 692 റണ്‍സും ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ 647 റണ്‍സും വാര്‍ണര്‍ സ്വന്തമാക്കി. എന്നാല്‍ ആഷസ് വാര്‍ണര്‍ക്ക് വലിയ നിരാശയായിരുന്നു. 

ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസിനെ ഒഴിവാക്കിയപ്പോള്‍ നഥാന്‍ ലിയോണിനെ മറികടന്ന് ആഷ്‌ടണ്‍ ടര്‍ണര്‍ക്കും ഓസീസ് അവസരം നല്‍കി. ആരോണ്‍ ഫിഞ്ച് നയിക്കുന്ന ടീമില്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ അടക്കമുള്ള സൂപ്പര്‍ താരങ്ങളുണ്ട്. ലങ്കയ്‌ക്കെതിരെയും പാകിസ്ഥാനെതിരെയും മൂന്ന് വീതം ടി20കളാണ് ഓസീസ് കളിക്കുക. ഒക്‌ടോബര്‍ അഞ്ചിന് പാകിസ്ഥാനെതിരായ ആദ്യ മത്സരം നടക്കും. 

ഓസീസ് ടി20 സ്‌ക്വാഡ്: ആരോണ്‍ ഫിഞ്ച്(നായകന്‍), ആഷ്‌ടണ്‍ അഗര്‍, അലക്‌സ് ക്യാരി, പാറ്റ് കമ്മിന്‍സ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ബെന്‍ മക്‌ഡെര്‍മോട്ട്, കെയ്‌ന്‍ റിച്ചാര്‍ഡ്‌‌സണ്‍, സ്റ്റീവ് സ്‌മിത്ത്, ബില്ലി സ്റ്റാന്‍ലേക്ക്, മിച്ചല്‍ സ്റ്റാര്‍ക്, ആഷ്‌ടണ്‍ ടര്‍ണര്‍, ആന്‍ഡ്രൂ ടൈ, ഡേവിഡ് വാര്‍ണര്‍, ആദം സാംപ