എഡ്‌ജ്‌ബാസ്റ്റണ്‍: വിരാട് കോലിയോ സ്റ്റീവ് സ്‌മിത്തോ ആരാണ് മികച്ച താരം എന്ന ചര്‍ച്ച ക്രിക്കറ്റ് വിദഗ്‌ധര്‍ക്കും ആരാധകര്‍ക്കും ഇടയില്‍ സജീവമാണ്. ഏകദിന ക്രിക്കറ്റില്‍ വിസ്‌മയിപ്പിക്കുന്ന കുതിപ്പാണ് കോലി തുടരുന്നത്. സ്‌മിത്താവട്ടെ ടെസ്റ്റിലെ റണ്‍വേട്ടകൊണ്ടാണ് ശ്രദ്ധിക്കപ്പെടുന്നത്. ടെസ്റ്റില്‍ 60ല്‍ അധികമാണ് സ്‌മിത്തിന്‍റെ ശരാശരി. 

കോലി ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ദുര്‍ഘടമായ പിച്ചുകളില്‍ ടെസ്റ്റ് സെഞ്ചുറി നേടി സ്ഥിരത തെളിയിച്ചു കഴിഞ്ഞ ഒരു വര്‍ഷക്കാലം. എന്നാല്‍ 'പന്ത് ചുരണ്ടല്‍' വിവാദത്തെ തുടര്‍ന്ന് വിലക്കിലായിരുന്നു ഈസമയം സ്‌മിത്ത്. ആഷസില്‍ ആദ്യ മത്സരത്തിലെ രണ്ടിംഗ്‌സിലും സെഞ്ചുറി നേടിയാണ് സ്‌മിത്ത് ടെസ്റ്റ് മടങ്ങിവരവ് ആഘോഷമാക്കിയത്. 

സ്‌മിത്തിന്‍റെ ഗംഭീര തിരിച്ചുവരവ് കണ്ട് അത്ഭുതം കൊണ്ട ഇംഗ്ലീഷ് മുന്‍ താരം റോബ് കീ ഒരു പ്രഖ്യാപനം നടത്തി. വിരാട് കോലിയെക്കാള്‍ മികച്ച താരമാണ് സ്റ്റീവ് സ്‌മിത്ത് എന്നായിരുന്നു റോബ് കീയുടെ ട്വീറ്റ്. ടെസ്റ്റില്‍ സ്‌മിത്ത് തന്നെയാണ് മികച്ച താരം എന്നായിരുന്നു മിക്ക ആരാധകരുടെയും പ്രതികരണം.