ലണ്ടന്‍: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ കണ്ണിലെ കരടായത് ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തായിരുന്നു. രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടിയ സ്മിത്ത് ഇംഗ്ലീഷ് ആരാധകരുടെ കളിയാക്കലിന് മറുപടി നല്‍കിയതിനൊപ്പം ടീമിന് വിജയം സമ്മാനിക്കുകയും ചെയ്തു.

മഴ മൂലം പകുതി ദിവസങ്ങള്‍ നഷ്ടമായ രണ്ടാം ടെസ്റ്റിലും ഓസീസ് പ്രതീക്ഷയോടെ നോക്കുന്നത് സ്റ്റീവ് സ്മിത്തിന്റെ ബാറ്റിലേക്ക് തന്നെയാണ്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 258 റണ്‍സിന് മറുപടിയായി മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഓസീസ് 80/4 എന്ന നിലയിലാണ്. 40 പന്തില്‍ 13 റണ്‍സുമായി സ്മിത്ത് ക്രീസിലുണ്ട്.

ഇന്നലെ ബാറ്റിംഗിനിറങ്ങിയപ്പോള്‍ സ്മിത്തിന്റെ ക്രീസിലെ ചലനങ്ങള്‍ കണ്ട് ആരാധകര്‍ പോലും അന്തംവിട്ടിട്ടുണ്ടാകും. ഇംഗ്ലീഷ് ബൗളര്‍മാര്‍ തുടര്‍ച്ചയായി ഓഫ് സ്റ്റംപിന് പുറത്ത് പന്തെറിഞ്ഞ് സ്മിത്തിനെ വീഴ്ത്താന്‍ ശ്രമിച്ചപ്പോള്‍ അസാധാരണമായ ഫൂട്ട് വര്‍ക്കിലൂടെ പന്തുകള്‍ വിട്ടുകളഞ്ഞാണ് സ്മിത്ത് പ്രതിരോധിച്ചുനിന്നത്. ഇത് ആരാധകര്‍ ശരിക്കും ആഘോഷമാക്കുകയും ചെയ്തു.