ബാറ്റിംഗ് വിക്കറ്റില്‍ അഞ്ച് ബൗളര്‍മാരുമായി ഇറങ്ങുന്നത് സാഹസമാണെന്നതിനാല്‍ ജുറെലിന് പകരം ബദോനിക്കോ നിതീഷ് കുമാറിനോ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കുമെന്നാണ് കരുതുന്നത്.

രാജ്കോട്ട്: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ നാലു വിക്കറ്റ് ജയം നേടിയ ഇന്ത്യ നാളെ രണ്ടാം ഏകദിനത്തിനിറങ്ങും. ആദ്യ മത്സരത്തില്‍ കളിച്ച സ്പിന്‍ ഓള്‍ റൗണ്ടര്‍ വാഷിംഗ്‌ടണ്‍ സുന്ദര്‍ പരിക്കേറ്റ് പുറത്തായതോടെ നാളെ നടക്കുന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ മാറ്റം ഉറപ്പായി. സുന്ദറിന് പകരം ഡല്‍ഹി താരം ആയുഷ് ബദോനിയെ ആണ് സെലക്ടര്‍മാര്‍ ടീമിലെടുത്തിരിക്കുന്നത്. രാജ്കോട്ടിലെ ബാറ്റിംഗ് വിക്കറ്റില്‍ സുന്ദര്‍ ഇല്ലാതെ ഇറങ്ങുന്ന ഇന്ത്യ അഞ്ച് ബൗളര്‍മാരുമായി ഇറങ്ങുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ആദ്യ മത്സരത്തില്‍ ആധികാരിക വിജയം ഉറപ്പിച്ചടിത്തുനിന്ന് മധ്യനിര അപ്രതീക്ഷിതമായ തകര്‍ന്ന പശ്ചാത്തലത്തില്‍ രണ്ടാം ഏകദിനത്തില്‍ ബാറ്റിംഗ് കരുത്തുകൂട്ടാനാണ് തീരുമാമെങ്കില്‍ മിന്നും ഫോമിലുള്ള ധ്രുവ് ജുറെലിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കും. എന്നാല്‍ ജുറെലിന് പ്ലേയിംഗ് ഇലവനില്‍ ഇടം നല്‍കിയാലും ആറാം നമ്പറില്‍ മാത്രമെ കളിപ്പിക്കാനാവു എന്നത് പ്രതിസന്ധിയാണ്.

ഈ സാഹചര്യത്തില്‍ നിതീഷ് കുമാര്‍ റെഡ്ഡിയെയോ ആയുഷ് ബദോനിയെയോ കളിപ്പിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. നിതീഷ് പേസ് ഓള്‍ റൗണ്ടറാണെങ്കില്‍ ബദോനി പാര്‍ട്ട് ടൈം സ്പിന്നര്‍ കൂടിയാണ്. ബാറ്റിംഗ് വിക്കറ്റില്‍ അഞ്ച് ബൗളര്‍മാരുമായി ഇറങ്ങുന്നത് സാഹസമാണെന്നതിനാല്‍ ജുറെലിന് പകരം ബദോനിക്കോ നിതീഷ് കുമാറിനോ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കുമെന്നാണ് കരുതുന്നത്.

ബാറ്റിംഗ് നിരയില്‍ ആദ്യ ആറ് സ്ഥാനങ്ങളില്‍ കാര്യമായ അഴിച്ചുപണി പ്രതീക്ഷിക്കാനാവില്ല. ബാറ്റിംഗില്‍ രവീന്ദ്ര ജഡേജ ഫോമിലാവാത്തത് പ്രതിസന്ധിയാണെങ്കില‍ും ബൗളിംഗ് മികവ് കണക്കിലെടുത്ത് ജഡേജയെ ടീമില്‍ നിലനിര്‍ത്തുമെന്നുറപ്പാണ്. പേസ് നിരയില്‍ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ ത്രയം തുടരും. സ്പഷ്യെലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവും ടീമില്‍ തുടരും.

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി/ആയുഷ് ബദോനി, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക