മുംബൈ: വിരാട് കോലിയോ സ്റ്റീവന്‍ സ്മിത്തോ മികച്ചവനെന്ന തര്‍ക്കത്തില്‍ പങ്കുചേര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ ഫീല്‍ഡിംഗ് ഇതിഹാസം ജോണ്ടി റോഡ്സും. സ്റ്റീവ് സ്മിത്തിന്റെയും വിരാട് കോലിയുടെയും ബാറ്റിംഗ് ഒരുപോലെ ആസ്വദിക്കാറുണ്ടെന്ന് വ്യക്തമാക്കിയ റോഡ്സ് ആഷസില്‍ സ്മിത്ത് നേടിയത് താന്‍ കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും വൃത്തികെട്ട സെഞ്ചുറികളാണെന്നും കൂട്ടിച്ചേര്‍ത്തു.

സ്മിത്തിന്റെ അസാധാരണ ബാറ്റിംഗ് ടെക്നിക്കിനെക്കുറിച്ചായിരുന്നു റോഡ്സിന്റെ തമാശ. സ്മിത്തിന്റെ ആക്ഷനും ടെക്നിക്കും നോക്കിയാല്‍ ഏറ്റവും വൃത്തികെട്ട സെഞ്ചുറികളാണ് അദ്ദേഹം നേടുന്നത്. പക്ഷെ അയാള്‍ സെഞ്ചുറികള്‍ അടിച്ചുകൂട്ടിക്കൊണ്ടേയിരിക്കുകയാണ്. ക്രിക്കറ്റ് കാണുന്ന ഒരു ആരാധകന്‍ ബാറ്റ്സ്മാന്റെ കളി കണ്ട് വൗ... എന്ന് പറയേണ്ടിടത്ത് ഓ...എന്ന് പറയിക്കുന്നതാണ് സ്മിത്തിന്റെ കളിയെന്നും റോഡ്സ് പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയില്‍ കളിച്ച നാലു ടെസ്റ്റില്‍ നിന്ന് സ്മിത്ത് 774 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. ഈ പ്രകടനത്തോടെ ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനവും വിരാട് കോലിയില്‍ നിന്ന് സ്മിത്ത് തിരിച്ചുപിടിച്ചു. സ്മിത്ത് 68 ടെസ്റ്റില്‍ 26 സെഞ്ചുറി നേടിയപ്പോള്‍ 79 ടെസ്റ്റില്‍ നിന്ന് 25 സെഞ്ചുറിയാണ് കോലിയുടെ പേരിലുള്ളത്.