മെല്‍ബണ്‍: ഇന്ത്യക്കെതിരെ രണ്ട് ടെസ്റ്റിലും മോശം പ്രകടനമാണ് ഓസീസ് താരം സ്റ്റീവന്‍ സ്മിത്ത് പുറത്തെടുത്തത്. ഐസിസി റാങ്കിങ്ങില്‍ ഒന്നാമതുള്ള സ്മിത്തിന്റെ സ്‌കോറുകള്‍ അമ്പരപ്പിക്കുന്നതാണ്. അഡ്‌ലെയ്ഡ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഒരു റണ്‍സിന് പുറത്തായ മുന്‍ ഓസീസ് ക്യാപ്റ്റന്‍ രണ്ടാം ഇന്നിങ്‌സില്‍ പുറത്താവാതെ നിന്നു. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ സ്മിത്ത് പാടേ നിരാശപ്പെടുത്തി. 0, 8 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോറുകള്‍. ഓസീസ് പരാജയപ്പെട്ടതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് സ്മിത്തിന്റെ ബാറ്റ് ശബ്ദിക്കാതെ പോയതാണ്.

പുറത്തായ രണ്ട് ഇന്നിങ്‌സിലും ആര്‍ അശ്വിന്റെ മുന്നിലാണ് സ്മിത്ത് കീഴടങ്ങിയത്. ഇപ്പോള്‍ അശ്വിനെതിരെ തനിക്ക് പിഴയ്ക്കുന്നുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സ്മിത്ത്. അശ്വിനെതിരെ കരുതിയത് പോലുള്ള പ്രകടനം പുറത്തെടുക്കാന്‍ കഴിയുന്നില്ലെന്ന് സ്മിത്ത് തുറന്നു സമ്മതിച്ചു. മത്സരശേഷം സംസാരിക്കുകയായിരുന്നു സ്മിത്ത്. താരത്തിന്റെ വാക്കുകള്‍. ''അശ്വിനെതിരെ അല്‍പം കൂടി ആക്രമണോത്സുകത കാണിക്കാന്‍ ഞാന്‍ കരുതിയിരുന്നു. എന്നാല്‍ എന്റെ പ്രകടനത്തില്‍ ഞാന്‍ നിരാശനാണ്. കരുതിയത് പോലെ ബാറ്റ് ചെയ്യാന്‍ കഴിയുന്നില്ല. കുറച്ചുകൂടി ആക്രമണോത്സുകത കാണിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കാര്യങ്ങള്‍ ഇത്രത്തോളം എളുപ്പമാവില്ലായിരുന്നു. ബൗളിങ്ങില്‍ മാറ്റം കൊണ്ടുവരാന്‍ അവര്‍ നിര്‍ബന്ധിതരാവുമായിരുന്നു.

ഞാന്‍ കുറെനേരം ക്രീസില്‍ ചിലവിടാനാണ് ശ്രമിച്ചത്. എന്നാല്‍ ആ തന്ത്രം ഫലവത്തായില്ല. കരിയറില്‍ മറ്റൊരു സ്പിന്നറും ഇതുപോലെ തനിക്കു മേല്‍ മേധാവിത്വം പുലര്‍ത്തിയിട്ടില്ല. അശ്വിന് അത് സാധിച്ചു. എനിക്ക് മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ഞാന്‍ അനുവദിക്കുകയായിരുന്നു എന്ന് പറയുന്നതായിരിക്കും ശരി.'' സ്മിത്ത് തുറന്നുസമ്മതിച്ചു.

എന്നാല്‍ സ്വതസിദ്ധമായ ശൈലിയല്‍ ബാറ്റ് ചെയ്യാനുള്ള ആത്മവിശ്വാസം ഇപ്പോഴുണ്ടെന്നും അടുത്ത ടെസ്റ്റില്‍ ഫോമിലേക്ക് തിരിച്ചെത്തുമെന്നും സ്മിത്ത് പറഞ്ഞു.