ബ്രിസ്‌ബേന്‍: പാകിസ്ഥാന്‍ സ്പിന്നര്‍ യാസിര്‍ ഷായുടെ സ്ഥിരം ഇരയാണ് ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത്. കഴിഞ്ഞ 11 ഇന്നിങ്‌സുകളില്‍ ഏഴ് തവണയും സ്മിത്ത് പുറത്തായത് യാസിറിന്റെ പന്തിലാണ്. ബ്രിസ്‌ബേനില്‍ നടന്ന ആദ്യ ടെസ്റ്റിലും സ്മിത്ത്, യാസിറിന്റെ പന്തില്‍ വിക്കറ്റ് തെറിച്ച് മടങ്ങുകയായിരുന്നു. ഇതോടെ ഒരു പ്രത്യേക തരത്തിലുള്ള ആഘോഷമാണ് യാസിര്‍ നടത്തിയത്.

ഏ്‌ഴ് വിരലുകള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു യാസിറിന്റെ ആഘോഷം. എന്നാലിപ്പോള്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് സ്മിത്ത്. എട്ടാം തവണ ഇത്തരമൊരു ആഘോഷം നടത്താന്‍ യാസിറിന് സാധിക്കില്ലെന്ന് വെല്ലുവിളിച്ചിരിക്കുകയാണ് സ്മിത്ത്. കൂടുതല്‍ കരുതലോടെയാകും താന്‍ യാസിര്‍ ഷായുടെ പന്തുകള്‍ നേരിടുകയെന്ന് സ്മിത്ത് പ്രതികരിച്ചു.

ബ്രിസ്‌ബേനില്‍ 10 പന്തില്‍ ഒരു ബൗണ്ടറി സഹിതം നാലു റണ്‍സെടുത്താണ് സ്മിത്ത് പുറത്തായത്. പിന്നീട് യാസിര്‍ നടത്തിയ ആഘോഷം വലിയ വാര്‍ത്താപ്രാധാന്യം നേടി. എന്നാല്‍ ഏഴിന്റെ അര്‍ത്ഥം പലര്‍ക്കും മനസിലായിരുന്നില്ല. പിന്നീടാണ് കാര്യങ്ങള്‍ക്കാണ് വ്യക്തത വന്നത്. 

വിക്കറ്റ് വീഴ്ത്തിയശേഷം യാസിര്‍ നടത്തിയ ആഘോഷം എനിക്ക് പ്രചോദനമായെന്നാണ് സ്മിത്ത് പറയുന്നത്. 'അടുത്ത തവണ യാസിറിന് വിക്കറ്റ് നല്‍കാതിരിക്കാനുള്ള ഒരു പ്രചോദനമാണ് ആ ആഘോഷം. ഇനിമുതല്‍ യാസിറിനെ നേരിടുമ്പോള്‍ ഞാന്‍ കുറച്ചുകൂടി മുന്‍കരുതലെടുക്കും'  സ്മിത്ത് പറഞ്ഞുനിര്‍ത്തി.