ഐസിസി ലോകകപ്പില്‍ നിന്ന് ഇന്ത്യ പിന്‍മാറുന്നത് പ്രായോഗികമല്ല എന്നറിയാം. എന്നാല്‍ ഏഷ്യാകപ്പില്‍ പാക്കിസ്ഥാനുമായി കളിക്കുന്നതില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കണമെന്ന് ഗംഭീര്‍

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്‌ചാത്തലത്തില്‍ പാക്കിസ്ഥാനുമായുള്ള ക്രിക്കറ്റ് ബന്ധങ്ങളില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാനുമായുള്ള മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്‍മാറണം എന്ന് ആവശ്യപ്പെട്ടും നിരവധി പേര്‍ രംഗത്തെത്തി. ഇക്കാര്യത്തില്‍ ഇപ്പോള്‍ വീണ്ടും അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. 

നിബന്ധനകളോടെ നിരോധനം സാധ്യമല്ല. ഒന്നെങ്കില്‍ പാക്കിസ്ഥാനുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കണം. അല്ലെങ്കില്‍ എല്ലാ വഴികളും തുറക്കണം. പുല്‍വാമയില്‍ നടന്ന ഭീകരാക്രമണം അംഗീകരിക്കാനാവില്ല. ഐസിസി ലോകകപ്പില്‍ നിന്ന് ഇന്ത്യ പിന്‍മാറുന്നത് പ്രായോഗികമല്ല എന്നറിയാം. എന്നാല്‍ ഏഷ്യാകപ്പില്‍ പാക്കിസ്ഥാനുമായി കളിക്കുന്നതില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കണമെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു. 

പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതിന് പിന്നാലെ ലോകകപ്പില്‍ പാക്കിസ്ഥാനുമായുള്ള മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്‍മാറണമെന്ന ആവശ്യം ഉയരുകയായിരുന്നു.