അരങ്ങേറിയത് മുതല്‍ 15 മത്സരങ്ങളില്‍ തുടര്‍ച്ചയായി ജയിച്ച റൊമാനിയന്‍ താരം സാത്വിക് നാഡിഗോട്ടിലയുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് ഹൂഡ മറികടന്നത്. 13 ജയങ്ങളുമായി ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറും റൊമാനിയയുടെ ശന്തനുവുമാണ് പിന്നിലുള്ള താരങ്ങള്‍.

ഹരാരെ: ഇന്ത്യന്‍ ടീമിന്റെ ഭാഗ്യനക്ഷത്രമാവുകയാണ് ഓള്‍ റൗണ്ടര്‍ ദീപക് ഹൂഡ. താരം കളിച്ച ഒറ്റ മത്സരത്തില്‍ പോലും ഇന്ത്യ തോറ്റിട്ടില്ല. ഇതൊരു ലോക റെക്കോര്‍ഡ് കൂടിയാണ്. ഫെബ്രുവരിയില്‍ വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലായിരുന്നു ദീപക് ഹൂഡ ആദ്യമായി ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞത്. ശ്രീലങ്കയ്ക്കും അയര്‍ലന്‍ഡിനുമെതിരായ പരമ്പരകളില്‍ മിന്നും പ്രകടനം പുറത്തെടുത്തതോടെ ഹൂഡയെ തേടി വീണ്ടും അവസരങ്ങളെത്തി. 

ഒടുവില്‍ സിംബാബ്‌വെ പരമ്പരയില്‍ എത്തി നില്‍ക്കുമ്പോള്‍ ഇന്ത്യക്കായി ഏഴ് ഏകദിനവും ഒമ്പത് ട്വന്റി20യും ഉള്‍പ്പടെ ആകെ 16 മത്സരങ്ങള്‍ ഹൂഡ കളിച്ചു. ഇങ്ങനെ ഹൂഡയിറങ്ങിയ ഒറ്റ മത്സരത്തില്‍ പോലും ഇന്ത്യക്ക് തലകുനിച്ച് മടങ്ങേണ്ടി വന്നിട്ടില്ല. ഹൂഡയുടെ ഈ ജൈത്രയാത്ര ഒരു ലോക റെക്കോര്‍ഡുകൂടിയാണ്. അരങ്ങേറ്റം കുറിച്ചത് മുതല്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ജയമെന്ന റെക്കോര്‍ഡ്. 

അരങ്ങേറിയത് മുതല്‍ 15 മത്സരങ്ങളില്‍ തുടര്‍ച്ചയായി ജയിച്ച റൊമാനിയന്‍ താരം സാത്വിക് നാഡിഗോട്ടിലയുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് ഹൂഡ മറികടന്നത്. 13 ജയങ്ങളുമായി ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറും റൊമാനിയയുടെ ശന്തനുവുമാണ് പിന്നിലുള്ള താരങ്ങള്‍. ഹൂഡയുടെ ഈ അപൂര്‍വ്വ റെക്കോര്‍ഡ് ഒരിക്കലും നിലയ്ക്കാത്ത തരത്തില്‍ മുന്നേറട്ടെയാണ് ഇന്ത്യന്‍ ആരാധകര്‍ ഇപ്പോള്‍ പറയുന്നത്.

സിംബാബ്‌വെക്കെതിരെ രണ്ടാം ഏകദിനത്തിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ ഹൂഡയ്ക്കായിരുന്നു. 36 പന്തുകള്‍ നേരിട്ട താരം 25 റണ്‍സ് നേടിയിരുന്നു. സഞ്ജുവിനൊപ്പം 56 റണ്‍സാണ് ഹൂഡ കൂട്ടിചേര്‍ത്തത്. മൂന്ന് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. സിക്കന്ദര്‍ റാസയുടെ പന്തില്‍ താരം ബൗള്‍ഡായെങ്കിലും ഇന്ത്യ അപ്പോഴേക്കും വിജയത്തിനടുത്തെത്തിയിരുന്നു. 39 പന്തില്‍ 43 റണ്‍സുമായി പുറത്താവാതെ നിന്ന സഞ്ജു സാംസണിന്റെ ഇന്നിംഗ്‌സ് നിര്‍ണായകമായി.