ബംഗളൂരു: യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്ന ക്യാപ്റ്റനാണ് വിരാട് കോലിയെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്റ്റുവര്‍ട്ട് ബിന്നി. എന്നാല്‍ എം എസ് ധോണി അങ്ങനെ ചെയ്യുന്ന ക്യാപ്റ്റനായിരുന്നില്ലെന്ന് ഈ പ്‌റഞ്ഞതിന് അര്‍ത്ഥമില്ലെന്നും ബിന്നി പറഞ്ഞു. പ്രമുഖ സ്‌പോര്‍ട്‌സ് വെബ് സൈറ്റായ സ്‌പോര്‍ട്‌സ് കീഡയുമായി സംസാരിക്കുകയായിരുന്നു ബിന്നി.

ഇരുവരുടെയും ക്യാപ്റ്റന്‍സി താരതമ്യം ചെയ്തുകൊണ്ടുള്ള ചോദ്യത്തിനാണ് ബിന്നി മറുപടി നല്‍കിയത്. ബിന്നി തുടര്‍ന്നു... ''മഹി ഒരുപാട് ആലോചിക്കും കളിക്കളത്തില്‍ ഒരുപാട് ചിന്തിക്കുകയും തീരുമാനമെടുക്കുയും ചെയ്യുന്ന ക്യാപ്റ്റനാണ്. എന്നാല്‍ കോലിയുടെ മനസ് എപ്പോഴും ഒഴിഞ്ഞിരിക്കും. അതുകൊണ്ടുതന്നെയാണ് ഇത്രത്തോളം ഫ്രീയായി കളിക്കാന്‍ കോലിക്ക് സാധിക്കുന്നത്. യുവതാരങ്ങളേയും കോലി നന്നായി പരിഗണിക്കും. എന്നാല്‍ ധോണി യുവാക്കളെ പരിഗണിക്കാത്ത ക്യാപ്റ്റനാണെന്ന് അഭിപ്രായമില്ല. അദ്ദേഹവും യുവതാരങ്ങള്‍ക്ക് അവസരം നല്‍കിയിട്ടുണ്ട്.

രണ്ടോ നാലോ താരങ്ങളെയാണ് മത്സരം ഫിനിഷ് ചെയ്യാന്‍ ധോണി ആശ്രയിക്കുന്നത്. അതേസമയം, വിരാട് താരങ്ങള്‍ക്കു കളിക്കാന്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കാറുണ്ട്. കൂടാതെ താരങ്ങളുടെ സ്വതസിദ്ധമായ ശൈലി പുറത്തെടുക്കാന്‍ കോലി ആത്മവിശ്വാം നല്‍കും. എന്നാല്‍ മഹിയുടെയും കോലിയുടെയും ക്യാപ്റ്റന്‍സിയില്‍ വലിയ വ്യത്യാസങ്ങളൊന്നും എനിക്ക് കാണാന്‍ കഴിയുന്നില്ല.'' ബിന്നി പറഞ്ഞുനിര്‍ത്തി.

2013ലെ ചാംപ്യന്‍സ് ട്രോഫിക്കു ശേഷം ഇന്ത്യക്ക് പ്രധാന കിരീടങ്ങള്‍ നേടാന്‍ സാധിക്കാതെ പോയത് സമ്മര്‍ദ്ദം കൊണ്ടാണെന്നും ബിന്നി പറഞ്ഞു. ഓരോ ടൂര്‍ണമെന്റിലും തുടക്കത്തില്‍ തന്നെ നമ്മള്‍ ഏറ്റവും മികച്ച പ്രകടനം നടത്തുന്നുവെന്നാണ് തനിക്കു തോന്നിയത്. യഥാര്‍ഥത്തില്‍ നോക്കൗട്ട്റൗണ്ടിലേക്കാണ് ഇന്ത്യ ഏറ്റവും മികച്ച പ്രകടനം മാറ്റിവെയ്‌ക്കേണ്ടെന്നും ബിന്നി കൂട്ടിച്ചേര്‍ത്തു.