Asianet News MalayalamAsianet News Malayalam

ഇംഗ്ലണ്ടിന്റെ അഞ്ഞൂറാനായി സ്റ്റുവര്‍ട്ട് ബ്രോഡ്

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെട്ട ബ്രോഡിന് മൂന്നാം ടെസ്റ്റിന് ഇറങ്ങുമ്പോള്‍ 500 വിക്കറ്റ് ക്ലബ്ബിലെത്താന്‍ ഒമ്പത് വിക്കറ്റുകളായിരുന്നു വേണ്ടിയിരുന്നത്.

Stuart Broad becomes 7th bowler to claim 500 wickets in Test cricket
Author
Manchester, First Published Jul 28, 2020, 4:55 PM IST

മാഞ്ചസ്റ്റര്‍: ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റ് തികയക്കുന്ന രണ്ടാമത്തെ ഇംഗ്ലണ്ട് ബൗളറായി സ്റ്റുവര്‍ട്ട് ബ്രോഡ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടെസ്റ്റിന്റെ അവസാന ദിനം ക്രെയ്‌ഗ് ബ്രാത്ത്‌വൈറ്റിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് ബ്രോഡ് ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഏഴാമത്തെ മാത്രം ബൗളറായത്. ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന്‍(800), ഓസ്ട്രേലിയയുടെ ഷെയ്ന്‍ വോണ്‍(708), ഇന്ത്യയുടെ അനില്‍ കുംബ്ലെ(619), ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്സണ്‍(589), ഓസ്ട്രേലിയയുടെ ഗ്ലെന്‍ മക്‌ഗ്രാത്ത്(563), വെസ്റ്റ് ഇന്‍ഡീസിന്റെ കോര്‍ട്നി വാല്‍ഷ്(519) എന്നിവരാണ് ബ്രോഡിന് മുമ്പ് ടെസ്റ്റിലെ 500 വിക്കറ്റ് ക്ലബ്ബിലെത്തിയവര്‍. ടെസ്റ്റില്‍ 500 വിക്കറ്റ് സ്വന്തമാക്കുന്ന നാലാമത്തെ പേസറാണ് ബ്രോഡ്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെട്ട ബ്രോഡിന് മൂന്നാം ടെസ്റ്റിന് ഇറങ്ങുമ്പോള്‍ 500 വിക്കറ്റ് ക്ലബ്ബിലെത്താന്‍ ഒമ്പത് വിക്കറ്റുകളായിരുന്നു വേണ്ടിയിരുന്നത്. ആദ്യ ഇന്നിംഗ്സില്‍ അര്‍ധ സെഞ്ചുറിയും ആറ് വിക്കറ്റും വീഴ്ത്തിയ ബ്രോഡ് വെസ്റ്റ് ഇന്‍ഡീസിന്റെ രണ്ടാം ഇന്നിംഗ്സില്‍ വീണ ആദ്യ മൂന്ന് വിക്കറ്റുകളും സ്വന്തമാക്കിയാണ് ചരിത്ര നേട്ടം സ്വന്തമാക്കിയത്.

Stuart Broad becomes 7th bowler to claim 500 wickets in Test cricket

500 വിക്കറ്റ് നേട്ടത്തിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച ബൗളറാണ് ബ്രോഡ്. മുരളീധരന്‍ 87 ടെസ്റ്റില്‍ നിന്ന് 500 വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ കുംബ്ലെ(105), വോണ്‍(108), മക്‌ഗ്രാത്ത്(110), വാല്‍ഷ്/ആന്‍ഡേഴ്സണ്‍(129) എന്നിവര്‍ ബ്രോഡിനെക്കാള്‍ കുറഞ്ഞ ടെസ്റ്റില്‍ നിന്നാണ് 500 വിക്കറ്റിലെത്തിയത്. തന്റെ 140-ാം ടെസ്റ്റിലാണ് 34കാരനായ ബ്രോഡ് 500 വിക്കറ്റ് ക്ലബ്ബിലെത്തിയത്.

500 വിക്കറ്റ് നേട്ടത്തിലെത്തുമ്പോള്‍ മറ്റൊരു യാദൃശ്ചികതക്കു കൂടി ഇന്ന് മാഞ്ചസ്റ്റര്‍ വേദിയായി. ബ്രോഡിനെ പോലെ ദീര്‍ഘകാലമായി അദ്ദേഹത്തിന്റെ ബൗളിംഗ് പങ്കാളിയായ ജെയിംസ് ആന്‍ഡേഴ്സണും വിന്‍ഡീസിന്റെ ക്രെയ്‌ഗ് ബ്രാത്ത്‌വൈറ്റിനെ പുറത്താക്കിയാണ് 500 വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്.

എറിഞ്ഞ പന്തുകളുടെ അടിസ്ഥാനത്തില്‍ അതിവേഗം 500 വിക്കറ്റ് സ്വന്തമാക്കുന്ന മൂന്നാമത്തെ ബൗളറുമാണ് ബ്രോഡ്(28430 പന്തുകള്‍). മക്‌ഗ്രാത്ത്(25528 പന്തുകള്‍), ആന്‍ഡേഴ്സണ്‍(28150 പന്തുകള്‍), എന്നിവരാണ് ബ്രോഡിനേക്കള്‍ വേഗത്തില്‍ കുറഞ്ഞ പന്തുകളില്‍ 500 വിക്കറ്റ് സ്വന്തമാക്കിയവര്‍.

Follow Us:
Download App:
  • android
  • ios