ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ തോല്‍വിക്ക് കാരണം ടീം സെലക്ഷനിലെ പാളിച്ചകളാണെന്ന് മുന്‍ ഇംഗ്ലണ്ട് താരം സ്റ്റുവര്‍ട്ട് ബ്രോഡ്. 

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ തോല്‍വിക്ക് കാരണം ടീം സെലക്ഷനിലെ പാളിച്ചകളാണെന്ന് മുന്‍താരം സ്റ്റുവര്‍ട്ട് ബ്രോഡ്. ഷാര്‍ദുല്‍ താക്കൂറിന് പകരം സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ആയിരുന്നു കളിപ്പിക്കേണ്ടിയിരുന്നതെന്ന് ബ്രോഡ് വ്യക്തമാക്കി. ടെസ്റ്റിന്റെ അവസാന രണ്ട് ദിവസം കുല്‍ദീപിന് നിര്‍ണായ പങ്ക് വഹിക്കാന്‍ കഴിയുമായിരുന്നുവെന്നും ബ്രോഡ് പറഞ്ഞു. രണ്ടാംടെസ്റ്റില്‍ ജസ്പ്രിത് ബുംറയ്ക്ക് വിശ്രമം നല്‍കുകയാണെങ്കില്‍ പകരം അര്‍ഷദീപ് സിംഗിനെയാണ് കളിപ്പിക്കേണ്ടതെന്നും സ്റ്റുവര്‍ട്ട് ബ്രോഡ് നിര്‍ദേശിച്ചു.

നേരത്തെ, ടെസ്റ്റില്‍ ഇന്ത്യക്കാണ് മുന്‍തൂക്കമെന്ന് ബ്രോഡ് വ്യക്തമാക്കിയിരുന്നു. ടെസ്റ്റിന്റെ നാലാം ദിനമാണ് ബ്രോഡ് ഇക്കാര്യം പറഞ്ഞിരുന്നത്. അഞ്ചാം ദിവസത്തെ പിച്ചില്‍ ഇംഗ്ലണ്ടിനെ പുറത്താക്കി കളി ജയിക്കാന്‍ ഇന്ത്യയ്ക്ക് 10 അവസരങ്ങള്‍ മാത്രമേ ആവശ്യമുള്ളൂ എന്ന് ബ്രോഡ് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍... ''പുതിയ പന്തില്‍ ഇന്ത്യ ഉയര്‍ത്തുന്ന വെല്ലുവിളി മറികക്കുകയെന്നുള്ളത് ഇംഗ്ലണ്ടിന് നിര്‍ണായകമായിരിക്കും. അഞ്ചാം ദിവസത്തെ പിച്ചില്‍ ഇന്ത്യക്കാണ് സാധ്യത കൂടുതലെന്ന് ഞാന്‍ കരുതുന്നു. അവര്‍ക്ക് 10 അവസരങ്ങള്‍ മാത്രമേ സൃഷ്ടിക്കേണ്ടതുള്ളൂ, ക്യാച്ചുകള്‍ എടുത്താല്‍ മാത്രം ഇന്ത്യക്ക് വിജയിക്കാം.'' ബ്രോഡ് സ്‌കൈ സ്പോര്‍ട്സില്‍ പറഞ്ഞു.

അതേസമയം, രണ്ടാം ടെസ്റ്റില്‍ കുല്‍ദീപിനെ കളിപ്പിക്കണമെന്ന് മുന്‍ ഇംഗ്ലീഷ് സ്പിന്നര്‍ മോണ്ടി പനേസറും വ്യക്തമാക്കി. ജൂലൈ രണ്ട് മുതല്‍ ബര്‍മിങ്ഹാമിലാണ് ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്. ഇതിനിടെയാണ് രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ ഇന്ത്യ പേസ് ഓള്‍ റൗണ്ടര്‍ ഷാര്‍ദ്ദുല്‍ താക്കൂറിന് പകരം സ്പിന്നര്‍ കുല്‍ദീപ് യാദവിനെ കളിപ്പിക്കണമെന്ന് പനേസര്‍ അഭിപ്രായപ്പെട്ടത്.

എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യ രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കണമെന്നാണ് എന്റെ അഭിപ്രായം. കാരണം, എഡ്ജ്ബാസ്റ്റമിലെ പിച്ച് പരമ്പരാഗതമായി സ്പിന്നര്‍മാരെ തുണക്കാറുണ്ട്. ഈ സാഹചര്യത്തില്‍ രവീന്ദ്ര ജഡേജയെ ഒഴിവാക്കിയിട്ടാണെങ്കിലും കുല്‍ദീപ് യാദവിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുന്നത് ഇന്ത്യയുടെ എക്‌സ് ഫാക്ടറാകുമെന്നും പനേസര്‍ പറഞ്ഞു. എന്നാല്‍ ഇന്ത്യ ഒരു സ്പിന്നറെ മാത്രം കളിപ്പിക്കാന്‍ സാധ്യതതയില്ലാത്തതിനാല്‍ ജഡേജയും രണ്ടാം ടെസ്റ്റില്‍ കളിക്കുമെന്നാണ് കരുതുന്നതെന്നും പനേസര്‍ പറഞ്ഞു.

YouTube video player